SignIn
Kerala Kaumudi Online
Saturday, 16 May 2026 2.32 AM IST

സംഘടിത ശക്തികൾക്ക് കീഴ്‌പ്പെട്ടുള്ള ഭരണം അപമാനം : വെള്ളാപ്പള്ളി

photo

ചേർത്തല: സാമൂഹ്യനീതി ഉറപ്പാക്കുകയെന്നത് പുതിയ സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്നും, സംഘടിത ശക്തികൾക്ക് കീഴ്‌പ്പെട്ടുള്ള ഭരണം ജനാധിപത്യത്തിന് അപമാനമാണെന്നും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തിന്റെ 123ാം ജന്മദിനാഘോഷം ചേർത്തല കരപ്പുറം റെസിഡൻസിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ രൂപീകരണത്തിലും ഭരണ നടപടികളിലും പിന്നാക്ക സമുദായങ്ങളുടെ യഥാർത്ഥ പ്രാതിനിധ്യം ഉറപ്പാക്കണം.പൊതുമുതൽ കൊള്ളയടിക്കാനോ, അധികാര,സ്വാധീനം ഉപയോഗിച്ച് കൈക്കലാക്കാനോ ആരെയും അനുവദിക്കരുത്. അഴിമതിയില്ലാത്ത സുതാര്യ ഭരണമാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്. പത്തു വർഷം അധികാരത്തിന്റെ പേരിൽ ലഭിക്കാത്ത ആനുകൂല്യങ്ങൾ അനർഹമായി കൈക്കലാക്കാൻ ശ്രമിക്കുന്ന ഘടകകക്ഷികളെ നിയന്ത്രിക്കേണ്ടതു സർക്കാരിന്റെ കടമയാണ്.നൂറ്റാണ്ടിലേറെ നീണ്ട പോരാട്ട പാരമ്പര്യത്തിലും ശ്രീനാരായണ ഗുരുദേവന്റെ ദർശനത്തിലും അധിഷ്ഠിതമായ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുന്നവർ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് തള്ളപ്പെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷനായി. ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, കൗൺസിലർമാരായ പി. സുന്ദരൻ ,പി.ടി.മന്മഥൻ,ബേബിറാം, ഇ.എസ്.ഷീബ,പി.കെ. പ്രസന്നൻ,പി.എസ്.എൻ.ബാബു,വിപിൻരാജ്,സന്ദീപ് പച്ചയിൽ,എബിൻ അമ്പാടിയിൽ,ബാബു കടത്തുരുത്തി,യു.എ.ഇ കോ–ഓർഡിനേറ്റർ അഡ്വ.സിനിൽ മുണ്ടപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.


വിദ്വേഷ പ്രചാരണം തടയണം:

യോഗം കൗൺസിൽ

എസ്.എൻ.ഡി.പി യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരെ നടക്കുന്ന വ്യക്തിഹത്യാ ശ്രമങ്ങളും അധിക്ഷേപങ്ങളും അവസാനിപ്പിക്കാൻ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് യോഗം കൗൺസിൽ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

തൊടുപുഴയിലും,​ വയനാട്ടിലെ വെള്ളമുണ്ടയിലും വർഗീയ ശക്തികൾ നടത്തുന്ന വിദ്വേഷ പ്രചരണങ്ങളെയും ഭീഷണികളെയും യോഗം അപലപിച്ചു. മതവെറിയും കൊലവിളി രാഷ്ട്രീയവും കൊണ്ട് സമൂഹത്തെ ഭീതിയിലാക്കാമെന്ന ധാരണയുടെ കാലം കഴിഞ്ഞു. വെളളാപ്പള്ളിയുടെ കോലം കത്തിക്കുന്നതും വ്യക്തിപരമായി അധിക്ഷേപിക്കുന്നതും സമുദായത്തോടുള്ള അവഹേളനമാണ്. ഇത്തരം നീക്കങ്ങൾക്ക് ഭരണകൂടം മൗനാനുവാദം നൽകിയാൽ സാമൂഹിക രാഷ്ട്രീയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. സാമൂഹിക നീതി, സമത്വം, സാമൂഹിക ഐക്യം എന്നീ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് വെള്ളാപ്പള്ളി നടത്തുന്ന പ്രവർത്തനങ്ങൾക്ക് യോഗം കൗൺസിൽ പൂർണ പിന്തുണ പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA