
ചെന്നിത്തല: ടിപ്പറിന്റെ ഡമ്പ് ബോക്‌സിനടിയിൽ ഞെരിഞ്ഞമർന്ന് യുവാവിന് ദാരുണാന്ത്യം. കാരാഴ്മ പടിഞ്ഞാറ് കൂടാത്തേത്ത് രവീന്ദ്രൻപിള്ളയുടെയും രാധാമണിയുടെയും മകൻ ഉണ്ണിക്കൃഷ്ണൻ(38) ആണ് മരിച്ചത്. കാരാഴ്മ ദേവീക്ഷേത്രത്തിലെ അൻപൊലി- അരീപ്പറ മഹോത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച രാത്രി 8.30 കഴിഞ്ഞായിരുന്നു സംഭവം. ഉത്സവത്തിനെത്തിയ ഉണ്ണിക്കൃഷ്ണൻ മഴ നനയാതിരിക്കാൻ ക്ഷേത്രത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ ഡമ്പ് ബോക്സുയർത്തി നിറുത്തിയിട്ടിരിക്കുകയായിരുന്ന ടിപ്പർ ലോറിക്കടിയിലേക്ക് കയറിനിൽക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ലിവർ തട്ടി ടിപ്പറിന്റെ ഡമ്പ് ബോക്സ് താഴ്ന്നു. അതിനടിയിൽപ്പെട്ട ഉണ്ണിക്കൃഷ്ണനെ പൊലീസും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദ്ദേഹം ഉച്ചയ്ക്ക് 3 ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: അജിതാദേവി. മക്കൾ: അനുഷ്, ആരുഷ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |