SignIn
Kerala Kaumudi Online
Sunday, 17 May 2026 1.49 AM IST

കാർ കത്തി ഗർഭിണിയുടെ മരണം തീപിടിച്ചതിന്റെ കാരണം കണ്ടെത്താൻ ഫോറൻസിക് പരിശോധന

sona

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന സ്വിഫ്ട് കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ ഫോറൻസിക് വിഭാഗവും പൊലീസും അന്വേഷണം ആരംഭിച്ചു. അപകട കാരണം കണ്ടെത്തുന്നതിനൊപ്പം കാറിൽ പെട്രോൾ,ഡീസൽ മറ്റെന്തെങ്കിലും തീപിടിത്ത സാദ്ധ്യതയേറിയ വസ്‌തുക്കൾ എന്നിവ ഉണ്ടായിരുന്നോ എന്നും പരിശോധിക്കും.

കാറിന്റെ ഉൾവശമാണ് കൂടുതലും കത്തിയത്. ബോണറ്റ്,എൻജിൻ തുടങ്ങിയ ഭാഗങ്ങൾ കൂടുതലായി കത്തിയിട്ടില്ല. ഫോറൻസിക് റിപ്പോർട്ട് കിട്ടിയാലേ തീപിടിത്ത കാരണം പറയാനാകൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മേപ്പയൂർ ഇൻസ്‌പെക്ടർ എ.അജീഷ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെയാണ് പേരാമ്പ്ര ചെറുവണ്ണൂർ കക്കറമുക്ക് റോഡിലുണ്ടായ അപകടത്തിൽ എട്ടുമാസം ഗർഭിണിയായ പൂവത്തുംചാലിൽ സോന (28) വെന്തുമരിച്ചത്. സോനയെ ആശുപത്രിയിൽ കാണിച്ച് തിരികെ വരുമ്പോഴായിരുന്നു അപകടം.

കാറോടിച്ചിരുന്ന ഭർത്താവ് രജിൻലാൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. വിദേശത്തായിരുന്ന രജിൻലാൽ ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്നുവർഷം മുമ്പ് വിവാഹിതരായ ഇവർ ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലായിരുന്നു. പാലേരി കുയിമ്പിൽപ്പാലം കല്ലിക്കണ്ടിമീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് സോന. സഹോദരൻ സോനു.

വാഹനങ്ങൾ കത്തുന്നത് കൂടുന്നു

ഓടിക്കൊണ്ടിരിക്കുമ്പോൾ ഉൾപ്പെടെ വാഹനങ്ങൾ കത്തുന്നത് സംസ്ഥാനത്ത് വർദ്ധിക്കുകയാണെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും പറയുന്നു. ഷോർട്ട് സർക്യൂട്ടാണ് പ്രധാന കാരണം. ലെെറ്റ്,ഹോൺ,ക്യാമറ,മ്യൂസിക് സിസ്റ്റം തുടങ്ങിയവ പലരും മാറ്റാറുണ്ട്. ഇതിനായി വയറുകൾ മുറിക്കുകയും നീളം കൂട്ടുകയും ചെയ്യും. ഇത് ചില ഭാഗങ്ങളിൽ വയർ ചൂടായി ഇൻസുലേഷൻ നഷ്ടപ്പെട്ട് ഷോർട്ട് സർക്യൂട്ടിനും തീപിടിത്തതിനും കാരണമാകും.

മുൻകരുതൽ നിർദ്ദേശങ്ങൾ

1.കൃത്യമായ ഇടവേളകളിൽ വാഹനം പരിശോധിക്കുക.

2.വയറിംഗ് സുരക്ഷിതമാണെന്ന് ഉറപ്പാക്കുക.

3.ലെെറ്റുകളിൽ ഉൾപ്പെടെ മാറ്റം വരുത്താതിരിക്കുക.

4.അംഗീകൃത സ്ഥാപനങ്ങളിൽ മാത്രം സർവീസ്.

5.നിലവാരമില്ലാത്ത വെെദ്യുതി ഉപകരണങ്ങൾ ഒഴിവാക്കുക.

6.ഇന്ധന ടാങ്ക് ഉൾപ്പെടെ പരിശോധിക്കുക.

പലരും കൂടുതൽ ശക്തിയുള്ള ഹെഡ്ലെെറ്റുകൾ വയ്‌ക്കാൻ

വയറിംഗ് മാറ്റാറുണ്ട്. ഇതുൾപ്പെടെ നിയമവിരുദ്ധമാണ്.

-വിനു ജോസ്,​മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA