
കൊല്ലം: ഗജരാജൻ ശിവരാജു. ഉത്സവപ്പറമ്പിന്റെ ആവേശം. തൃശൂർ പൂരത്തിൽ പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ തെക്കിന്റെ തേവർ. ഒറ്റ എഴുന്നള്ളത്തിനു 17 ലക്ഷം വരെ ലേലത്തിൽ പോയ ശിവരാജു തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ പണക്കിലുക്കമാണ്. ഈ സീസണിൽ രണ്ടരമാസം കൊണ്ട് ബോർഡിന്റെ ഖജനാവിൽ 58.56 ലക്ഷം രൂപ നിറച്ചു. സീസൺ അവസാനിക്കുമ്പോൾ 70 ലക്ഷത്തിലെത്തും.
കൊല്ലം തൃക്കടവൂർ മഹാദേവരുടെ പ്രിയ ദാസനാണ് ശിവരാജു. ആനപ്രേമികൾ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും പാമ്പാടി രാജനും ചിറയ്ക്കൽ കാളിദാസനുമൊപ്പം ചേർത്തുവയ്ക്കുന്ന പേര്.
കഴിഞ്ഞ ഉത്സവ സീസണുകളിൽ 80 ലക്ഷത്തിലധികം കളക്ട് ചെയ്തിരുന്നു. ഇത്തവണ 25 ഉത്സവങ്ങൾക്ക് മാത്രമാണ് പോയത്. കാലിനു നേരിയ നീരുള്ളതിനാൽ കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ മാത്രമായി ബുക്കിംഗ് പരിമിതപ്പെടുത്തി. പക്ഷേ, പാറമേക്കാവ് ദേവസ്വക്കാർ നിർബന്ധം പിടിച്ചപ്പോൾ പൂരത്തിനു തിടമ്പേറ്റാൻ കൊണ്ടുപോയി.
54 വയസുള്ള ശിവരാജുവിനെ 1973ൽ കോന്നിയിലെ കിടങ്ങിൽ നിന്ന് ഭക്തർ വിലയ്ക്ക് വാങ്ങി നടയ്ക്കിരുത്തിയതാണ്. സ്വകാര്യ ക്ഷേത്രങ്ങളിൽ എഴുന്നള്ളിക്കാൻ 2.5 ലക്ഷമാണ് ഏക്കത്തുക. ഒന്നിലധികംപേർ ബുക്കിംഗിനെത്തിയാൽ ലേലമാകും. ദേവസ്വം ക്ഷേത്രങ്ങളിലേക്ക് ഫീസ് 75,000 രൂപ മാത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു 21 ആനകളുണ്ട്. ഒരുലക്ഷം രൂപ ഏക്കത്തുകയോടെ ആറ്റിങ്ങൽ തിരുവാറാട്ടുകാവ് കാളിദാസ് ആണ് തലയെടുപ്പിൽ രണ്ടാമൻ.
ഉത്തമൻ
മാതംഗലീലയിൽ പറയുന്ന ഉത്തമ ഗജത്തിന്റെ ലക്ഷണങ്ങളെല്ലാം തികഞ്ഞവൻ
നിലത്തിഴയുന്ന തുമ്പിക്കൈ, കടഞ്ഞെടുത്ത കൊമ്പുകൾ, തേൻ നിറത്തിലുള്ള കണ്ണുകൾ
പത്തരയടി ഉയരം, ഉയർന്ന മസ്തകം, ഐശ്വര്യത്തിന്റെ അടയാളമായി പതിനെട്ട് നഖങ്ങൾ
രോമാവൃതമായ വാൽ, കൂട്ടിയടിക്കുമ്പോൾ നെറ്റിയിൽ തട്ടുന്നത്ര വലിപ്പമുള്ള ചെവികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |