
ആലപ്പുഴ : സ്കൂളുകളുടെ ഫിറ്റ്നസ് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കൈമാറി സർക്കാർ ഉത്തരവിറങ്ങി. എന്നാൽ,അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ കുഴങ്ങുകയാണ് തദ്ദേശസ്ഥാപനങ്ങൾ. അദ്ധ്യയനവർഷാരംഭത്തിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികൾക്ക് നല്ലൊരു തുക ആവശ്യമാണെന്നിരിക്കെ, പെയിന്റടിക്കാനും പരിസരം വൃത്തിയാക്കാനും ഉൾപ്പെടെ ഫണ്ടില്ല. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള വികസന ഫണ്ടിന്റെ മൂന്നിലൊന്നുതുകയായ 3,000 കോടിയിലേറെ രൂപയും പ്രതിവർഷം പന്ത്രണ്ട് തവണയായി ലഭിക്കേണ്ട പൊതു ആവശ്യഗ്രാന്റിന്റെ അവസാന രണ്ട് ഗഡുവും (ഓരോ സ്ഥാപനങ്ങൾക്കും കുറഞ്ഞത് കാൽക്കോടിയിലധികം) തദ്ദേശ സ്ഥാപനങ്ങൾക്ക് കുടിശികയാണ്.
മദ്ധ്യവേനലവധിയിൽ സ്കൂളും പരിസരവും പുല്ലും മാലിന്യങ്ങളും മൂടിയ നിലയിലാണ്. ക്ളാസ് മുറികളും വൃത്തിയാക്കണം. കെട്ടിടമാകെ പെയിന്റ് ചെയ്യണം. ടോയ്ലറ്റുകളുടെ അറ്റകുറ്രപ്പണി നടത്തണം. ചോർച്ചയുള്ള ഓടുകളും ഷീറ്റുകളുമുൾപ്പെടെ മാറ്റണം. മഴ നനഞ്ഞ് കുതിർന്ന സീലിംഗുകൾക്ക് പകരം പുതിയത് സ്ഥാപിക്കണം. വാട്ടർ ടാങ്കുകളുടെ ക്ളീനിംഗ് ഉൾപ്പെടെ നടത്തേണ്ടതുണ്ട്.
കഴിഞ്ഞ വർഷം സ്കൂളിൽ വൈദ്യുതാഘാതമേറ്റും പാമ്പുകടിയേറ്റും കുട്ടികൾ മരിക്കാനിടയായ സാഹചര്യത്തിൽ കെട്ടിടത്തിന്റെ ഭൗതിക സൗകര്യങ്ങളും ആരോഗ്യ ശുചിത്വ സംവിധാനങ്ങളും മെച്ചപ്പെടുത്തുന്നതടക്കം17 സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കണമെന്നാണ് തദ്ദേശസ്ഥാപനങ്ങൾക്കുള്ള മാർഗനിർദ്ദേശം.
സ്കൂളും പരിസരവുംസന്നദ്ധ സേവനത്തിന്റെ ഭാഗമായി ശുചീകരിച്ചാലും പെയിന്റിംഗ് ഉൾപ്പെടെയുള്ള മേജർ വർക്കുകൾക്ക് ആരുടെ സഹായം തേടുമെന്നതിൽ ആർക്കും നിശ്ചയമില്ല. സ്കൂളുകളിലെ ഭൗതിക സൗകര്യങ്ങൾക്ക് സമഗ്ര ശിക്ഷ കേരളയിൽ നിന്ന് യാതൊരു സഹായവും ഇക്കുറിയും ലഭ്യമായിട്ടില്ല. കാലവർഷം പതിവിലും നേരത്തെയാണെന്നിരിക്കെ, സമയപരിമിതിക്കുള്ളിൽ എങ്ങനെ കാര്യങ്ങൾ പൂർത്തിയാക്കുമെന്നറിയാതെ ആശങ്കയിലാണ് പ്രഥമാദ്ധ്യാപകരും രക്ഷാകർത്തൃസമിതിയും.
ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നേരത്തെ എസ്റ്റിമേറ്റെടുത്ത വർക്കുകൾ ടെൻഡർ ചെയ്ത് നടത്തിവരുന്നത് മാത്രമാണ് ആശ്വാസം
ചെലവ് 5 ലക്ഷം വരെ
100നും 200നും ഇടയിൽ കുട്ടികളുള്ള പഴയ സ്കൂളുകളിൽ അറ്റകുറ്റപ്പണികൾക്ക് അരലക്ഷം മുതൽ ഒരു ലക്ഷം രൂപവരെ ചെലവ് വരും.
കുട്ടികളുടെ എണ്ണം കൂടിയാൽ 5 ലക്ഷം കഴിയും. നഗരസഭകളിലുൾപ്പെടെ സ്കൂളുകളിൽ ഭാഗികമായെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തമുണ്ടാകേണ്ടതാണ്
സംസ്ഥാനത്ത്
സർക്കാർ സ്കൂളുകൾ...............4,619
എയ്ഡഡ് സ്കൂളുകൾ...............7,152
ആകെ സ്കൂളുകൾ....................11,771
വിദ്യാർത്ഥികൾ.......................29,27,513
സ്കൂളും പരിസരവും അറ്റകുറ്റപ്പണി ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് മതിയായ പണത്തിന്റെ കുറവുണ്ട്. മറ്റ് ഫണ്ടുകൾ വകമാറ്രിയാണ് പണം കണ്ടെത്തുന്നത്
- ഡയറക്ടറേറ്റ്, തദ്ദേശ സ്വയംഭരണ വകുപ്പ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |