
തിരുവനന്തപുരം: പി എസ് പ്രശാന്ത് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റായിരുന്ന സമയത്തെ ശബരിമലയിലെ സ്വർണം പൂശലിൽ വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് വിജിലൻസ് അന്വേഷണം ശുപാർശ ചെയ്തിരിക്കുന്നത്.
എന്നാൽ സ്വർണനഷ്ടം വന്നിട്ടില്ലെന്നും നടപടിക്രമങ്ങളിലാണ് വീഴ്ച സംഭവിച്ചതെന്നും അതിനാലാണ് വിജിലൻസ് അന്വേഷിക്കേണ്ടതെന്നുമാണ് എസ്‌ഐടി റിപ്പോർട്ടിൽ പറയുന്നത്. ജംഷഡ്പൂരിലെ ലാബിൽ നടക്കുന്ന പരിശോധനയിലെ ഫലം വന്നശേഷം ഇക്കാര്യത്തിൽ ഹൈക്കോടതി തീരുമാനം എടുക്കും. സ്വർണനഷ്ടം വന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും വിജിലൻസ് അന്വേഷണത്തിന് ശുപാർശ നൽകുക. ജംഷഡ്പൂരിലെ ലാബിൽ നടക്കുന്ന പരിശോധനയിലെ ഫലം ലഭിക്കുന്നതോടെ സ്വർണനഷ്ടം ഉണ്ടായിട്ടുണ്ടോ, ഉണ്ടെങ്കിൽ എത്ര നഷ്ടപ്പെട്ടു എന്നുള്ള കാര്യങ്ങളിൽ വ്യക്തത വരും.
അതിനിടെ,ശബരിമലയിലെ അഷ്ടാഭിഷേകപൂജയ്‌ക്ക് സാധനങ്ങൾ വാങ്ങുന്നതിലും നിത്യപൂജയ്‌ക്കുള്ള ദ്രവ്യങ്ങൾ എത്തിക്കാനും കൊല്ലം സ്വദേശി സുനിൽകുമാർ എന്ന സുനിൽസ്വാമിയെ ദീർഘനാളായി ചുമതലപ്പെടുത്തിയതിൽ ക്രമക്കേടുള്ളതായി ഹൈക്കോടതി കഴിഞ്ഞദിവസം സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
മാനദണ്ഡങ്ങൾ പാലിക്കാതെ പൂജാസാമഗ്രികൾ വാങ്ങുന്നതിനെ കോടതി വിമർശിക്കുകയും ചെയ്തു. സുനിൽ സ്വാമിക്ക് സാധനങ്ങൾ വിതരണം ചെയ്യാൻ അനുമതി നൽകിയ സാഹചര്യം ബോർഡ് വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടു.ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട് തേടി. ഫണ്ട് ദുരുപയോഗം ആരോപിച്ച് സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടും ദേവസ്വം വിജിലൻസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടും പരിഗണിച്ചാണ് നടപടി.
പൂജയ്ക്കുള്ള അരി, മലർ, ശർക്കര, നാളികേരം, പട്ട്, തോർത്ത് തുടങ്ങി പത്തിലധികം ഇനങ്ങൾ വർഷങ്ങളായി സംഭാവന ചെയ്യുന്നത് സുനിൽ സ്വാമിയാണ്. മാസപൂജയ്‌ക്ക് മൂന്നുലക്ഷം രൂപയുടെയും മണ്ഡലകാലത്ത് 18 ലക്ഷത്തിന്റെയും സാധനങ്ങളാണ് നൽകുന്നത്. ബില്ലോ വൗച്ചറോ നൽകാറില്ലെന്നും രജിസ്റ്ററിൽ രേഖപ്പെടുത്താറില്ലെന്നും ടെൻഡർ നടപടിയില്ലെന്നും വിജിലൻസ് റിപ്പോർട്ടിലുണ്ട്. സാധനങ്ങൾ സൂക്ഷിക്കുന്നത് അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിന് തൊട്ടടുത്ത മുറിയിലാണ്. ഇതെല്ലാം അഴിമതിക്ക് കളമൊരുക്കാനാണെന്നാണ് വിജിലൻസിന്റെ ആരോപണം. സാധനങ്ങൾ സംഭാവനയായി ലഭിക്കുമ്പോഴും ദേവസ്വം ഫണ്ടിൽ നിന്ന് വാങ്ങിയതായി കാട്ടി ഉദ്യോഗസ്ഥർ പണം മാറ്റുന്നതായും പരാതിയുണ്ട്. കഴിഞ്ഞ 10 വർഷത്തെ ഓഡിറ്റിംഗ് നടക്കാത്തതിനാൽ വ്യക്തത കൈവന്നിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |