SignIn
Kerala Kaumudi Online
Sunday, 17 May 2026 3.24 AM IST

കൊലയാളി പാമ്പ് ; പാമ്പുകടിയേറ്റ് രണ്ടുമരണം കൂടി, ദാരുണാന്ത്യം 8 വയസുകാരനും വീട്ടമ്മയ്ക്കും

snake


കുഞ്ഞിന് ഗവ. ആശുപത്രിയിൽ ആന്റിവെനം നൽകിയില്ല

തിരുവനന്തപുരം: കൊടുംചൂടിൽ മാളംവിട്ട പാമ്പ് ഒരു കുരുന്നിന്റേതുൾപ്പെടെ രണ്ട് ജീവൻ കൂടിയെടുത്തു. ചിറയിൻകീഴ് അഴൂരിൽ ദിക്ഷൽ ദിലീപ് (8)​,​ കായംകുളം ചേരാവള്ളി വടക്കേത്തോപ്പിൽ സെലീന (42) എന്നിവർക്കാണ് ദാരുണാന്ത്യം. തൃശൂരിൽ എട്ടുവയസുകാരൻ ആൽജോ പാമ്പുകടിയേറ്റ് മരിച്ചത് കഴിഞ്ഞ ദിവസമാണ്.

നിർദ്ധന കുടുംബാംഗമാണ് ദിക്ഷൽ. അടച്ചുറപ്പില്ലാത്ത വീട്ടിൽ അമ്മൂമ്മയ്‌ക്കൊപ്പം നിലത്ത് പായയിൽ കിടക്കുമ്പോഴാണ് മൂർഖൻ കടിച്ചത്. അഴൂർ മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപിന്റെയും അനുവിന്റെയും മകനാണ്. കടിച്ച പാമ്പിനെ വീട്ടിൽ നിന്ന് നാട്ടുകാർ പിടികൂടി.

കുടുംബത്തിനു സ്വന്തമായി ഭൂമിയില്ല. സുമനസിന്റെ കാരുണ്യത്താൽ കിട്ടിയ അഞ്ചുസെന്റിൽ പ്ലൈവുഡ് കൊണ്ട് മറച്ച ഷെഡിൽ തകരഷീറ്റ് മേഞ്ഞാണ് താമസം. ഇന്നലെ പുലർച്ചെ രണ്ടോടെ വലതുകാലിന്റെ പെരുവിരലിൽ കടിയേറ്റ ദിക്ഷൽ ഉണർന്ന് കരഞ്ഞു. അമ്മയും അച്ഛനും ചേർന്ന് ബൈക്കിലിരുത്തി ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പാമ്പ് കടിച്ചതാണെന്ന് സ്ഥിരീകരിക്കാൻ ഡോക്ടർക്കായില്ല. ആന്റിവെനം നൽകിയതുമില്ല. പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും വഴിമദ്ധ്യേ മരണമടഞ്ഞു.


താലൂക്ക് ആശുപത്രിയിൽ ആന്റിവെനം നൽകിയിരുന്നെങ്കിൽ മകന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നെന്ന് പറഞ്ഞു. ശാർക്കര ശ്രീചിത്തിരവിലാസം സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. അലുമിനിയം ഫാബ്രിക്കേഷൻ തൊഴിലാളിയാണ് ദിലീപ്. ഡി.ടി.പി സെന്ററിലെ ജീവനക്കാരിയാണ് അനു. അങ്കണവാ‌ടി വിദ്യാർത്ഥി ദൃക്ഷിക സഹോദരിയാണ്. മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.

ഇന്നലെ രാത്രി ഏഴരയ്ക്കാണ് സെലീനയ്ക്ക് കടിയേറ്റത്. കൊറ്റുകുളങ്ങരയിലെ ബന്ധുവീട്ടിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്ത ശേഷം മടങ്ങാനായി സ്‌കൂട്ടറെടുക്കാൻ പറമ്പിൽ പോയപ്പോഴായിരുന്നു സംഭവം. പാമ്പുകടിയേറ്റെന്ന്‌ സെലീന അടുത്തുണ്ടായിരുന്നവരോട്‌ പറഞ്ഞു. കായംകുളം താല‍ൂക്ക്‌ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്‌: നാജിം (വ്യാപാരി വ്യവസായി സമിതി സെക്രട്ടറി). മകൾ: നാസിയ.

കടിയേറ്റ 2 പേർ

ആശുപത്രിയിൽ

ഇന്നലെ തിരുവനന്തപുരത്ത് രണ്ടുപേർക്ക് കൂടി പാമ്പുകടിയേറ്റു. വർക്കല ചരുവിള വീട്ടിൽ ആശാ വർക്കർ ഷംന (32), പോത്തൻകോട് വേങ്ങോട് അശ്വതിയിൽ പ്ലസ് ടു വിദ്യാർത്ഥി ദുർഗ (17) എന്നിവർക്കാണ് കടിയേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA