SignIn
Kerala Kaumudi Online
Thursday, 25 June 2026 4.03 AM IST

നടുക്കുന്ന ഓർമ്മകൾ

emergency

രാജ്യത്തെ ഭീകരതയിലാഴ്ത്തിയ ദേശീയ അടിയന്തരാവസ്ഥയുടെ 51-ാം വാർഷികമാണിപ്പോൾ. അതിന്റെ ഇരുണ്ടതും കിരാതവുമായ ഭീകരരാത്രികളും, അടിയന്തരാവസ്ഥയ്‌ക്കെതിരായി പൊരുതിയ ലക്ഷക്കണക്കിനു പേർക്ക് നേരിടേണ്ടി വന്ന ഭീകരമായ പൊലീസ് മർദ്ദനങ്ങളും, വലിയ ത്യാഗങ്ങളും യാതനകളും നടുക്കത്തോടെ ഓർത്തുപോകുകയാണ്.

ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന എല്ലാ മൗലികാവകാശങ്ങളും അടിയന്തരാവസ്ഥാ കാലത്ത് ഇല്ലാതായി. ഫലത്തിൽ രാജ്യം അടിമകളുടെ നാടായി മാറുന്ന സ്ഥിതിയാണ് ഉണ്ടായത്.

അടിയന്തരാവസ്ഥ പ്രഖ്യാപനം വന്നയുടൻ രാജ്യത്ത് പ്രതിപക്ഷത്തുള്ള ഉന്നതനേതാക്കളടക്കം ഒന്നരലക്ഷം പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ദേശീയ സ്വാതന്ത്ര്യസമരകാലത്തു പോലും ഇത്രയും കൂടുതൽ പേർ ചെറിയൊരു കാലഘട്ടത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. 1975 ജൂൺ 25ന് അർദ്ധരാത്രിയാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ഓരോ സംസ്ഥാനത്തും പതിനായിരങ്ങൾ ജയിലിലടയ്ക്കപ്പെട്ടു. ക്രൂരമായ മർദ്ദനങ്ങൾക്ക് വിധേയരായി. പലരുടെയും ജീവൻ പൊലീസ് കവർന്നെടുത്തു. ഒടുവിൽ ഈ ജനവിരുദ്ധ കരിനിയമം നിവൃത്തിയില്ലാതെ ഇന്ദിരാഗാന്ധിക്ക് പിൻവലിക്കേണ്ടിവന്നത് വളരെ വിലപ്പെട്ട പാഠമാണ് നമ്മുടെ രാജ്യത്തെ ജനതയ്ക്ക് നൽകുന്നത്.

അടിയന്തരാവസ്ഥകാലത്ത് ജനകീയ അവകാശങ്ങൾ നേടിയെടുക്കാനും, ജനാധിപത്യവും ഭരണഘടനാ അവകാശങ്ങളും സംരക്ഷിക്കുന്നതിനുമാണ് ജനങ്ങൾ പ്രക്ഷോഭ രംഗത്തിറങ്ങിയത്. ഇന്ത്യയിൽ ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളികൾ കഴിഞ്ഞ അര ദശാബ്ദമായി തുടർന്നു കൊണ്ടിരിക്കുകയാണ്. അടിയന്തരാവസ്ഥയെ എതിർത്ത് പരാജയപ്പെടുത്താൻ കഴിഞ്ഞ ജനതയ്ക്ക് തുടർന്ന് രാജ്യത്ത് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളെയും, സ്വേച്ഛാധിപത്യ പ്രവണതകളെയും എതിർത്ത് തോൽപ്പിക്കാൻ നിർഭാഗ്യവശാൽ കഴിയുന്നില്ല.

ഭരണഘടനയിലെ മൗലികാവകാശങ്ങളും മതേതരത്വവും സമത്വവുമെല്ലാം കവർന്നെടുക്കപ്പെടുന്നു. ഇത്തരം കാര്യങ്ങൾ ഗൗരവമായി ഇന്ത്യൻ ജനത ചർച്ചചെയ്യേണ്ട സമയം കൂടിയാണ് അടിയന്തരാവസ്ഥയുടെ ഈ വാർഷികാചരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA