
ആലപ്പുഴ:കഫേകളിലും മറ്റും ഭക്ഷണത്തിനിടയിലെ ന്യൂജെൻ ട്രെൻഡായി മാറിയ ബോർഡ് ഗെയിമുകളിലേക്ക് മലയാളിയുടെ സ്വന്തം സൃഷ്ടി. ലുഡോ, ഏണിയും പാമ്പും തുടങ്ങിയവ കൈയടക്കിവച്ചിരിക്കുന്ന കളത്തിലേക്കാണ് "പട"ബോർഡുമായി ആലപ്പുഴ പാതിരാപ്പള്ളി ശിവശക്തിയിൽ രാഹുൽ രവിയുടെ (30) രംഗപ്രവേശം.കൊച്ചി അടക്കമുള്ള നഗരങ്ങളിലെ കഫേകളിൽ ഇടംപിടിച്ചു. ഇനി വീടുകളിലും ക്ളബുകളിലും "പട"യെ വരവേൽക്കുമെന്നാണ് രാഹുൽ രവിയുടെ പ്രതീക്ഷ.
ഗൾഫിൽ ഗ്രാഫികിസ് ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് ബോർഡ് ഗെയിം ശ്രദ്ധിക്കാൻ തുടങ്ങിയത്. അവിടെ ബോർഡ് ഗെയിമിന് വലിയ പ്രചാരമുണ്ട്. കേരളത്തിന് സ്വന്തമായൊരു ബോർഡ് ഗെയിം ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെ പുതിയ ഗെയിം രൂപപ്പെടുത്താനുള്ള ആലോചനയിലായി. കേരളത്തിലേക്ക് തിരിച്ചെത്തിയശേഷം ആറുമാസം സമയമെടുത്താണ് ഗെയിം ചിട്ടപ്പെടുത്തിയത്.
ആദ്യം ബോർഡ് ഡിസൈൻ ചെയ്തു. എറണാകുളത്താണ് നിർമ്മിച്ചത്. കളിക്കാൻ കരുക്കളും ഡയസും തെലങ്കാനയിൽ നിന്ന് ഡിസെൻ ചെയ്തു വരുത്തിച്ചു. ബംഗളൂരുവിലും ആലപ്പുഴയിലും കഫേകളിലടക്കം നൽകി. മികച്ച പ്രതികരണം ലഭിച്ചതോടെ രണ്ടാഴ്ച മുമ്പ് ലോഞ്ച് ചെയ്തു.
വാട്സപ്പിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയുമാണ് ഓർഡർ സ്വീകരിക്കുന്നത്. 899 രൂപയാണ് വില. ആമസോണിലും റിടെയിൽ സ്റ്റോറുകളിലും എത്തിക്കാൻ ശ്രമിക്കുകയാണ്. വിദേശത്ത് ജോലി ചെയ്യുന്ന രവികുമാറിന്റെയും ഹേമലതയുടെയും മകനാണ് രാഹുൽ.
പട ഗെയിം
പ്ലാൻ, അറ്റാക്ക്, ഡിഫന്റ്, അഡ്വാൻസ് എന്നതാണ് പടയുടെ ഫുൾഫോം. 20-40 മിനിറ്റുകൊണ്ട് ഗെയിം പൂർത്തിയാക്കാം.
രണ്ടുമുതൽ നാല് പേർക്ക് ഒരേസമയം കളിക്കാം. ഓരോ കളിക്കാരനും അഞ്ച് കരുക്കൾ ഉണ്ടാവും.നാല് കരുക്കൾ ബോർഡിന്റെ മദ്ധ്യത്തിലുള്ള നാല് ചുവന്ന ചതുരങ്ങളിലെത്തിക്കുകയും അഞ്ചാമത്തെ കരുവിനെ സുരക്ഷിതമായി ബോർഡിൽ നിലനിർത്തുകയും ചെയ്യുന്ന ആദ്യ കളിക്കാരനാണ് വിജയി.
'പട'യിൽ
അറ്റാക്ക്, ജമ്പ്, ഡിഫൻസ് എന്നിങ്ങനെ മൂന്ന് ഡയസുകളുണ്ട്. അറ്റാക്ക് ഡൈ ഉപയോഗിച്ച് എതിരാളിയുടെ കരുക്കളെ ആക്രമിക്കാനും അവരുടെ മുന്നേറ്റം തടയാനും കഴിയും. ജമ്പ് ഡൈ സ്വന്തം കരുക്കളെ കൂടുതൽ വേഗത്തിൽ മുന്നേറാൻ സഹായിക്കും. ഡിഫൻസ് ഡൈ ആക്രമണത്തെ പ്രതിരോധിക്കാനും കരുക്കളെ സംരക്ഷിക്കാനും ഉപയോഗിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |