SignIn
Kerala Kaumudi Online
Friday, 21 August 2026 2.09 AM IST

തൊഴിലാളികളുടെ അവകാശം ഉറപ്പാക്കിയ 1978ലെ വിധി ശരിവച്ചു # അന്ന് വിധി എഴുതിയത്  ജസ്റ്റിസ് കൃഷ്ണയ്യർ

aa

ന്യൂ‌ഡൽഹി: സർക്കാർ സ്ഥാപനങ്ങളിൽ അടക്കം യൂണിയൻ പ്രവർത്തനം നടത്താമെന്ന 1978ലെ ബംഗളൂരു വാട്ടർ സപ്ലൈ കേസിലെ വിധി സുപ്രീംകോടതി ഒൻപതംഗ വിശാല ബെ‌ഞ്ച് ശരിവച്ചു. ആറു ജഡ്ജിമാർ അംഗീകരിച്ചപ്പോൾ, നാലുപേർ വിയോജിച്ചു. 2020ൽ പുതിയ വ്യാവസായിക ബന്ധ കോഡ് നിലവിൽ വന്നതിനാൽ അതിനുശേഷം ഈ വിധി ബാധകമല്ലെന്നും വ്യക്തമാക്കി.

സാമ്പത്തിക ലാഭത്തിനല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ,ആശുപത്രികൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ,പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയവ 1947ലെ വ്യാവസായിക തർക്കനിയമത്തിന്റെ പരിധിയിൽ വരുമെന്നു പ്രഖ്യാപിച്ച വിധിയാണിത്.

നിയമത്തിലെ "വ്യവസായം" എന്ന വാക്കാണ് 1978 ഫെബ്രുവരി ഒന്നിലെ വിധിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് എം.എച്ച്.ബെഗ് അദ്ധ്യക്ഷനായ ഏഴംഗബെഞ്ച് നിർവചിച്ചത്. ബെഞ്ചിലെ ജസ്റ്റിസ് വി.ആർ.കൃഷ്‌ണയ്യ‌രാണ് ആ വിധി എഴുതിയത്.

ഉടമ-തൊഴിലാളി ബന്ധം നിലനിൽക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഈ വിധി ബാധകമാണെന്ന് ഇന്നലെ ഭരണഘടനാ ബെഞ്ചിലെ ആറു ജ‌ഡ്‌ജിമാർ നിലപാടെടുത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,ജോയ്‌മല്യ ബാഗ്ചി,വി.എം. പഞ്ചോലി,എസ്.സി ശർമ്മ,അലോക് അരാധെ എന്നിവരാണ് പഴയ വിധിയെ പിന്തുണച്ചത്. എന്നാൽ ജഡ്‌ജിമാരായ ബി.വി. നാഗരത്ന,ഉജ്ജൽ ഭുയാൻ,ദീപാങ്കർ ദത്ത എന്നിവ‌ർ വിയോജിച്ചു. 2020 ലെ പുതിയ നിയമം നിലവിൽ വന്ന സ്ഥിതിക്ക് വീണ്ടും പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ് അവരുടെ നിലപാട്. ഇതിൽ വ്യക്തത വരുത്തിയാണ് 2020ന് മുൻപുള്ള കേസുകളിൽ മാത്രമാണ് ബാധകമെന്ന് ഭൂരിപക്ഷ വിധിയിൽ വ്യക്തമാക്കിയത്.

ചോദ്യം ചെയ്തത് യു.പി

യു.പി.സർക്കാരാണ് വിധിയെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. വാണിജ്യേതര ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് ബാധകമാക്കാൻ കഴിയില്ലെന്നായിരുന്നു വാദം. 2005ൽ അഞ്ചംഗ ബെഞ്ച് ഏഴംഗ ബെഞ്ചിലേക്ക് വിട്ടു.2017ൽ ഏഴംഗ ബെഞ്ചാണ് ഒൻപതംഗ ബഞ്ചിന് വിട്ടത്. അതിലാണ് ഇപ്പോൾ വിധി വന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUPREAMCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA