SignIn
Kerala Kaumudi Online
Saturday, 30 May 2026 5.47 PM IST

ലക്ഷ്യം സാമ്പത്തിക പ്രതിസന്ധി മറികടക്കൽ , യൂണിവേഴ്സിറ്റി ഫണ്ട്‌ ട്രഷറിയിലേക്ക് മാറ്റാൻ നിർദ്ദേശം

p

തിരുവനന്തപുരം: സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എം. ജി, കുസാറ്റ്, സംസ്കൃത സർവകലാശാലകളുടെ സ്ഥിരനിക്ഷേപങ്ങൾ അടിയന്തരമായി ട്രഷറിയിലേക്ക് മാറ്റാൻ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. സർവകലാശാലകളുടെയും സ്വയംഭരണ സ്ഥാപനങ്ങളുടെയും ദേശസാത്കൃത ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളും എസ്.ബി അക്കൗണ്ടിലുള്ള നിക്ഷേപവും ട്രഷറിയിലേക്ക് മാറ്റാൻ ഒരുവർഷം മുൻപ് സർക്കാർ നിർദ്ദേശിച്ചിരുന്നു. 3 സർവകലാശാലകൾ മാത്രമാണ് ഫണ്ട് മാറ്റാതിരുന്നത്.

ഫണ്ട് ഉടനടി ട്രഷറിയിലേക്ക് മാറ്റിയില്ലെങ്കിൽ സർക്കാരിന്റെ പ്ലാൻ ഫണ്ട് ഗ്രാന്റ്, പ്രതിമാസ പദ്ധതിയേതര ഗ്രാന്റ് എന്നിവ തടഞ്ഞു വയ്ക്കുമെന്ന് സർവകലാശാലകൾക്ക് മുന്നറിയിപ്പ് നൽകിയതായും അറിയുന്നു.

100 കോടിയോളം രൂപ ഈ ഇനത്തിൽ ട്രഷറിയിലേക്ക് മാറ്റാനാണ് നീക്കം. നേരത്തേ കേരള,കാലിക്കറ്റ് സർവകലാശാലകൾ പെൻഷൻ ഫണ്ടിലേക്ക് നീക്കിവച്ചിരുന്നതുൾപ്പടെ 1500 കോടിയോളം രൂപയും ഗവേഷണ പ്രവർത്തനങ്ങൾക്ക് യു.ജി.സി അനുവദിച്ച പണവും ട്രഷറിലേക്ക് മാറ്റിയിരുന്നു. അതേസമയം, ട്രഷറിയിൽ നിന്നും തുക പിൻവലിക്കാൻ പ്രയാസമാണ്.

കുസാറ്റ്, സംസ്കൃത സർവകലാശാലകളുടെ ആക്ട് പ്രകാരം യൂണിവേഴ്സിറ്റി
ഫണ്ട് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ മാത്രമേ നിക്ഷേപിക്കാൻ പാടുള്ളൂ. അതിനാൽ ട്രഷറിലേക്ക് മാറ്റാൻ സർക്കാർ ആവശ്യപ്പെടുന്നത് ചട്ട വിരുദ്ധമാണെന്ന നിലപാടിലാണ് സർവകലാശാലകൾ. എന്നാൽ സ്ഥിരനിക്ഷേപങ്ങൾക്ക് ദേശസാത്കൃതബാങ്കുകളിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ കൂടുതൽ പലിശ ട്രഷറിയിൽ ലഭിക്കുമെന്നും ഇത് നഷ്ടപ്പെടുത്തുന്നത് യൂണിവേഴ്സിറ്റി അധികൃതരുടെ ബാദ്ധ്യതയായി കണക്കാക്കുമെന്നും ധനകാര്യ വിഭാഗം സർവകലാശാലകളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. അതേസമയം, എം.ജി സർവകലാശാല നിയമത്തിൽ യൂണിവേഴ്സിറ്റി ഫണ്ട്‌ ട്രഷറിയിലും നിക്ഷേപിക്കാമെന്ന് വ്യവസ്ഥയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: UNIVERSITY FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA