
#ഇന്ന് വകുപ്പ് വിഭജന ചർച്ചകൾ
#ബഡ്ജറ്റ് ജൂൺ അഞ്ചിന്
തിരുവനന്തപുരം: വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ ചിത്രം ഇന്നു വ്യക്തമാവും. ഘടകകക്ഷി വകുപ്പുകളിൽ മാറ്റംവരും. രമേശ് ചെന്നിത്തല മന്ത്രിയാവുമെന്ന് സൂചന. എന്നാൽ, ഇന്നലെ യു.ഡി.എഫ് യോഗത്തിൽ ചെന്നിത്തല പങ്കെടുത്തില്ല.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. തിങ്കളാഴ്ച സമ്പൂർണ മന്ത്രിസഭയാവും സത്യപ്രതിജ്ഞ ചെയ്യുക.ആദ്യ ബഡ്ജറ്റ് ജൂൺ അഞ്ചിന് അവതരിപ്പിക്കും. മേയ് 29 നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിസ്ഥാനവും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളുമാവും കോൺഗ്രസിന്. ഇന്ന് ഘടകകക്ഷികളുമായി പ്രത്യേകം ചർച്ച നടത്തി തീരുമാനത്തിലെത്തും.
ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിച്ചേക്കും. അല്ലെങ്കിൽ നാല് മന്ത്രിസ്ഥാനവും ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകും.
ആർ.എസ്.പി, സി.എം.പി, കേരള കോൺഗ്രസ് (ജേക്കബ്), കെ.ഡി.പി കക്ഷികൾക്ക് ഓരോ മന്ത്രി സ്ഥാനം. ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകിയേക്കും. രമേശ് ചെന്നിത്തല ചില ഉപാധികൾ വച്ചിട്ടുണ്ട്. ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടേക്കാം. ധനകാര്യം നൽകാനാണ് മുഖ്യമന്ത്രിക്ക് താത്പര്യം. ആഭ്യന്തരം കിട്ടാതെ ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുമോയെന്ന് സംശയമാണ്. ദീപാദാസ് മുൻഷി ചെന്നിത്തലയെക്കണ്ട് ചർച്ച നടത്തിയിരുന്നു. കൊച്ചിയിലേക്ക് പോയ വി.ഡി.സതീശൻ ഇന്ന് രാവിലെ തിരിച്ചെത്തുന്നതോടെ ചർച്ച തുടരും.
കൂടുതലും പുതുമുഖങ്ങൾ
ചെന്നിത്തലയ്ക്കു പുറമേ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ,എൻ.ശക്തൻ, എം.വിൻസെന്റ്, പി.സി.വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, എം.ലിജു, ഷാനിമോൾ ഉസ്മാൻ, ചാണ്ടിഉമ്മൻ, ടി.ജെ.വിനോദ്, മാത്യുകുഴൽനാടൻ, എ.പി.അനിൽകുമാർ, സേനാപതി വേണു, സുമേഷ് അച്യുതൻ,ടി.സിദ്ദിഖ്, ഐ.സി ബാലകൃഷ്ണൻ, കെ.പ്രവീൺകുമാർ, കെ.ജയന്ത് തുടങ്ങിയവരാണ് കോൺഗ്രസ് മന്ത്രിമാരുടെ പട്ടികയിൽ ഇടംപിടിക്കാൻ സാദ്ധ്യത
ലീഗ് മുഖങ്ങൾ
പി.കെ.കുഞ്ഞാലിക്കുട്ടി, എൻ.ഷംസുദ്ദീൻ,പി.കെ.ബഷീർ എന്നിവർ ഉറപ്പായും മന്ത്രിമാരാവും. കെ.എം.ഷാജിയെയും പരിഗണിച്ചേക്കും. തങ്ങൾ കുടുംബാംഗമായ ആബീദ് ഹുസൈൻ തങ്ങളെ മന്ത്രിയാക്കണമെന്ന ആവശ്യമുണ്ടെങ്കിലും മലപ്പുറം പ്രാതിനിദ്ധ്യം കൂടുമെന്നതിനാൽ സാദ്ധ്യത കുറയും. അഞ്ചാംമന്ത്രിയോ ഡെപ്യൂട്ടി സ്പീക്കർ പദവിയോ കിട്ടിയാൽ കോഴിക്കോട് നിന്നുള്ള റസാഖ് മാസ്റ്റർ, കാസർകോട് നിന്നുള്ള എ.കെ.എം.അഷറഫ് എന്നിവർക്ക് അവസരം കിട്ടിയേക്കും. ഇന്നലെ ലീഗ് നേതൃയോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു.
പുതിയ കാറും അമിത
അകമ്പടിയും വേണ്ട
പുതിയ കാർ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശൻ. നമ്മൾ ചില മാതൃകകൾ സൃഷ്ടിക്കണം. ആർഭാടത്തോടെയും പത്രാസോടെയും സഞ്ചരിച്ചാൽ ആളുകൾ ഉള്ളിൽ കളിയാക്കി ചിരിക്കും. പൊലീസിന്റെ പൈലറ്റ് വാഹനം മാത്രം മതിയെന്ന് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ യാത്രകാരണം ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്നും നിർദ്ദേശിച്ചു. എസ്കോർട്ട് വേണ്ടിവരുമെന്ന് ഡി.ജി.പി അറിയിച്ചിട്ടുണ്ട്.
വിജയ് ഉൾപ്പെടെ
പങ്കെടുക്കും
സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ പത്തിന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് ഭരിക്കുന്ന കർണാടക, തെലങ്കാന, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യും പങ്കെടുക്കും. ഇവർക്ക് ചീഫ് സെക്രട്ടറി ക്ഷണകത്തയച്ചു. രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറടക്കം പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |