
തൃപ്പൂണിത്തുറ: പൂവിളികളോടെ പത്തുനാൾ നീളുന്ന ഓണാഘോഷപ്പൂരത്തിന് തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയോടെ തുടക്കമായി.
മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. പത്തു ദിവസത്തെ സംസ്ഥാനതല ഓണാഘോഷങ്ങൾക്കും ഔപചാരികമായ തുടക്കമായി.
തൃപ്പൂണിത്തുറയെ 'പൈതൃക നഗരമായി" ഉയർത്താൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിനതീതമായി കൈകോർത്ത് സമഗ്രമായ പദ്ധതി സമർപ്പിച്ചാൽ നടപ്പിലാക്കും. തൃപ്പൂണിത്തുറയിലെ അമ്പതിലേറെ ചരിത്രസ്മാരകങ്ങളും കൊട്ടാരങ്ങളും വിദേശ മാതൃകയിൽ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി അനൂപ് ജേക്കബ് അത്തം പതാക ഉയർത്തിയതോടെ ആഘോഷങ്ങൾക്ക് തുടക്കമായി. നടൻ ജഗദീഷ് അത്തച്ചമയ ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു.ദീപക് ജോയ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരായ 20 കുട്ടികളെ ആദരിച്ച ശേഷം ആരംഭിച്ച ഘോഷയാത്രയിൽ നാടൻ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും അണിനിരന്നു. അത്തം നഗറിൽ നിന്ന് ആരംഭിച്ച് പൂർണത്രയീശ ക്ഷേത്രത്തിനു മുന്നിലൂടെ വടക്കേക്കോട്ട വരെ നീണ്ട ഘോഷയാത്ര കാണാൻ ആയിരങ്ങൾ തൃപ്പൂണിത്തുറയിലെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |