
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ വൻവികസനത്തിന് അതിവേഗം ഭൂമിയേറ്റെടുക്കാൻ നിയമം ഭേദഗതി ചെയ്യും. നിലവിൽ വിജ്ഞാപനമടക്കം നടപടികൾ പൂർത്തിയാവാൻ ചുരുങ്ങിയത് 15 മാസമെടുക്കും. ആറു മാസത്തിനുള്ളിലെങ്കിലും നടപടികൾ പൂർത്തിയാക്കുകയാണ് റവന്യുവകുപ്പിന്റെ ലക്ഷ്യം. ലോജിസ്റ്റിക്സ്, വ്യവസായ പാർക്കുകൾക്കും കണ്ടെയ്നർ യാർഡുകൾക്കും അടിയന്തരമായി ഭൂമി ലഭ്യമാക്കിയില്ലെങ്കിൽ തുറമുഖത്തിന്റെ ഗുണം കേരളത്തിന് ലഭിക്കാതാവും. ഇത് കണക്കിലെടുത്താണ് അടിയന്തരനീക്കം.
ഭേദഗതി പ്രകാരം, പ്ലാന്റേഷൻ പദവി നിലനിറുത്തിക്കൊണ്ട് തോട്ടങ്ങളുടെ നിശ്ചിതശതമാനം കാർഷിക, ഭക്ഷ്യ സംസ്കരണ യൂണിറ്റുകൾക്കായി ഉപയോഗിക്കാൻ അനുമതി നൽകും. ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ- പൊതുമേഖല ഭൂമിയും സ്വകാര്യഭൂമിയും സംയോജിപ്പിച്ച് ലാൻഡ്ബാങ്കുണ്ടാക്കാനും വ്യവസ്ഥയുണ്ടാവും. ലോജിസ്റ്റിക്സ് പാർക്കുകളും വ്യവസായ സംരംഭങ്ങളും സജ്ജമാക്കാനാണിത്. ഭൂമി ഏറ്റെടുക്കാനും സംരംഭകർക്ക് പാട്ടത്തിന് കൈമാറാനും ഏകജാലക സംവിധാനം വരും.
തുറമുഖാധിഷ്‌ഠിത വ്യവസായങ്ങൾക്ക് ഉയർന്ന പാട്ടകാലാവധി നൽകേണ്ടിവരും. ഇതിനുള്ള വ്യവസ്ഥകളോടെയാവും നിയമഭേദഗതി. വൻനിക്ഷേപകർക്ക് സർക്കാർ നേരിട്ട് ഭൂമിയേറ്റെടുത്ത് പാട്ടത്തിന് നൽകും.
കിൻഫ്ര, ഇൻകെൽ എന്നിവയുടെ നേതൃത്വത്തിലാവും ഭൂമി ഏറ്റെടുക്കൽ. കേന്ദ്രസ്ഥാപനങ്ങൾക്കായി 230ഏക്കർ ഉടനേറ്റെടുത്ത് കൈമാറും. 810കോടിയാണ് ചെലവ്. പട്ടയഭൂമിയും തോട്ടഭൂമിയുമടക്കം വ്യാവസായിക ആവശ്യങ്ങൾക്കായി പരിവർത്തനപ്പെടുത്താനുള്ള വ്യവസ്ഥകളും നിയമഭേദഗതിയിലുണ്ടാവും.
കണ്ടെത്തിയ സ്ഥലങ്ങൾ
ബാലരാമപുരത്തെ സ്പിന്നിംഗ് മില്ലിലെ അഞ്ചേക്കറിൽ കണ്ടെയ്നർ ഫ്രൈറ്റ് സ്റ്റേഷനും കേരളാ ഓട്ടോമൊബൈൽസിന്റെ അഞ്ചേക്കറിൽ എംപ്‌റ്റി കണ്ടെയ്നർ യാർഡും സജ്ജമാക്കും. ഉച്ചക്കടയിലെ പവർലൂം സഹകരണ സൊസൈറ്റിയുടെ 14 ഏക്കർ സംയോജിത ലോജിസ്റ്റിക്സ് ഹബിനായി ഏറ്റെടുക്കും. ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ അഞ്ചേക്കർ ഭൂമി കണ്ടെയ്നർ കോർപ്പറേഷന് മൾട്ടിമോഡൽ ലോജിസ്റ്റിക്സ് ഹബിനായി പാട്ടത്തിന് നൽകും. കാട്ടാക്കടയിൽ 125 ഏക്കർ ഏറ്റെടുക്കും. മൊത്തം 600ഏക്കർ ഭൂമിയാണ് ഇവിടെ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്.
ഭൂമിക്ക് തീവില
ലോജിസ്റ്റിക്സ് പാർക്കിനും വെയർഹൗസിനും കുറഞ്ഞത് അഞ്ചേക്കറും വ്യവസായപാർക്കുകൾക്ക് 50 മുതൽ നൂറേക്കർ വരെയുംവേണം. സംരംഭകർ ശ്രമിക്കുമ്പോൾ സെന്റിന് 15 ലക്ഷം വരെയാണ് വില. ഇടനിലക്കാരും രംഗത്തുണ്ട്. ചേംബർ ഒഫ് കൊമേഴ്സ് ആയിരത്തിലേറെ ഏക്കറിന്റെ ലാൻഡ്ബാങ്കുണ്ടാക്കി സംരംഭകർക്ക് നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |