SignIn
Kerala Kaumudi Online
Friday, 21 August 2026 1.13 AM IST

ഡി.ജി.പി ശ്രീജിത്തിന്റെ വിദേശയാത്ര: ഇപ്പോൾ വിജി. അന്വേഷണമില്ല; എപ്പോൾ ഉണ്ടാകുമെന്ന് കോടതി #അഡി. ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതിയുടെ വിമ‌ർശനം

READ ENGLISH VERSION

കൊച്ചി: ഡി.ജി.പി എസ്. ശ്രീജിത്ത് എ.ഡി.ജി.പിയായിരുന്നപ്പോൾ അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്നും സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ യൂണിഫോം ധരിച്ച് പങ്കെടുത്തെന്നുമുള്ള പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്ന് ആഭ്യന്തര വകുപ്പ് ഹൈക്കോടതിയെ അറിയിച്ചു. നേരിട്ടു ഹാജരായ വിജിലൻസ് വകുപ്പിന്റെ ചുമതലയുള്ള അഡി. ചീഫ് സെക്രട്ടറി മിൻഹാജ് ആലമാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോഴില്ലെങ്കിൽ പിന്നെ എപ്പോൾ ഉണ്ടാകുമെന്ന് കോടതി ചോദിച്ചു. ഉറച്ച തീരുമാനമില്ലെന്നും വിമർശിച്ചു. ആഭ്യന്തര സെക്രട്ടറിയുടേത് പ്രധാന തസ്തികയാണ്. അതിന്റെ ഉത്തരവാദിത്വം കാട്ടിയില്ലെങ്കിൽ നിരന്തരം വിളിച്ചുവരുത്തുന്ന സാഹചര്യമുണ്ടാകുമെന്നും കോടതി അലക്ഷ്യം നേരിടേണ്ടി വരുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പു നൽകി.

അഡി. ചീഫ് സെക്രട്ടറി കീഴുദ്യോഗസ്ഥനെക്കൊണ്ട് അവധി അപേക്ഷ സമർപ്പിച്ചതിനെയും വിമർശിച്ചു. വില്ലേജ് ഓഫീസോ താലൂക്ക് ഓഫീസോ അല്ലെന്നും സംസ്ഥാനത്തെ പരമോന്നത കോടതിയാണെന്നും ഓർമ്മിപ്പിച്ചു. എസ്. ശ്രീജിത്തിനെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ മുൻ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് വിമർശനമുണ്ടായത്. കൂടുതൽ സമയം തേടിയാണ് അഡി. ചീഫ് സെക്രട്ടറി മറ്റൊരു ഉദ്യോഗസ്ഥൻ മുഖേന അപേക്ഷ സമർപ്പിച്ചത്. ഈ ശൈലി തുടർന്നാൽ വലിയ പിഴ ചുമത്തുമെന്നും പറഞ്ഞു.

ശ്രീജിത്തിനെതിരെ പരാതി നൽകിയ ദിപിൻ എടവനയെ തനിച്ചിരുത്തി ഹിയറിംഗ് നടത്തണമെന്ന കോടതി നിർദ്ദേശം പാലിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് മിൻഹാജ് ആലം വിശദീകരിച്ചതിനാൽ ഹർജി തീർപ്പാക്കി.

ആരോപണവിധേയനെയും പരാതിക്കാരനെയും ഒരുമിച്ചിരുത്തി മൊഴിയെടുക്കാനുള്ള നീക്കമാണ് കോടതിയുടെ അതൃപ്തിക്കിടയാക്കിയത്.

ഇന്ന് ഹാജരാകേണ്ടതില്ല

ചേർത്തല സി.ഐയായിരുന്ന പി. ശ്രീകുമാറിന്റെ സ്ഥാനക്കയറ്റം തടഞ്ഞുവച്ചെന്ന ഹർജിയിൽ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി ഇന്ന് വീണ്ടും ഹൈക്കോടതിയിൽ ഹാജരാകേണ്ടതായിരുന്നു. പ്രമോഷൻ നിർദ്ദേശം ബന്ധപ്പെട്ട സമിതി അടുത്ത യോഗത്തിൽ പരിഗണിക്കുമെന്ന് അറിയിച്ചതിനാൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി. തീരുമാനം വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് ബദറുദ്ദീൻ നിർദ്ദേശിച്ചു.

മോൻസൺ മാവുങ്കൽ കേസിൽ ഇൻക്രിമെന്റ് വെട്ടിക്കുറച്ചതും മറ്റും ചൂണ്ടിക്കാട്ടിയാണ് സ്ഥാനക്കയറ്റം തടഞ്ഞത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA