
തിരുവനന്തപുരം: കർശനമായ വ്യവസ്ഥകളോടെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ ഏപ്രിൽ 1ന് സംസ്ഥാനത്ത് പ്രാബല്യത്തിൽ വരും. വീടുകളിൽ തന്നെ മാലിന്യങ്ങളെ നാലായി തരംതിരിക്കണമെന്ന് ചട്ടത്തിൽ പറയുന്നു.
അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിന് പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഖരമാലിന്യ ചട്ടങ്ങളും സുപ്രീംകോടതി വിധിയും നടപ്പാക്കാൻ സംസ്ഥാനം മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മാലിന്യ സംസ്‌കരണത്തിൽ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുക,തെറ്റായ റിപ്പോർട്ട് നൽകുക എന്നിവയ്ക്ക് പിഴ ഈടാക്കും.'മലിനമാക്കുന്നവർ നഷ്ടപരിഹാരം നൽകണം' എന്ന വ്യവസ്ഥ അനുസരിച്ചാണിത്. മലിനീകരണ നിയന്ത്രണ ബോർഡും പൊലീസും നിയന്ത്രണ ഏജൻസികളും പാരിസ്ഥിതിക നഷ്ടപരിഹാരം ഈടാക്കും. ഉറവിടത്തിൽ തന്നെ ഖരമാലിന്യങ്ങളെ ഈർപ്പമുള്ള മാലിന്യം,വരണ്ട മാലിന്യം,സാനിറ്ററി മാലിന്യം,പ്രത്യേക ശ്രദ്ധവേണ്ട മാലിന്യം എന്നിങ്ങനെ നാലായി തരംതിരിക്കണം. ഈർപ്പമുള്ള മാലിന്യം കമ്പോസ്റ്റിംഗ് വഴി സംസ്‌കരിക്കണമെന്നും നിർദ്ദേശിക്കുന്നു. വരണ്ട മാലിന്യങ്ങൾ മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലേക്ക് കൈമാറണം. സാനിറ്ററി മാലിന്യങ്ങൾ പ്രത്യേകം പൊതിഞ്ഞ് കൈമാറണം. പ്രത്യേക ശ്രദ്ധ ആവശ്യമായ മാലിന്യങ്ങൾ അംഗീകൃത ഏജൻസികളിലൂടെ ശേഖരിക്കണമെന്നും തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാൾ പുറപ്പെടുവിച്ച മാർഗനിർദ്ദേശത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സമയ ആക്ഷൻ പ്ലാൻ തയ്യാറാക്കണം
തദ്ദേശഭരണ സെക്രട്ടറിമാർ ഇതിനായി സമയആക്ഷൻ പ്ലാൻ തയാറാക്കണം. മാലിന്യം നാലായി തരംതിരിക്കാൻ വീടുകൾ,ഹോട്ടലുകൾ,കടകൾ,മാലിന്യ സംസ്‌കരണ ഏജൻസികൾ എന്നിവർക്ക് കർശന നിർദ്ദേശം തദ്ദേശഭരണ സ്ഥാപനം നൽകണം.മാലിന്യ സംസ്‌കരണത്തിന്റെ മേൽനോട്ട ചുമതല ജില്ലാ കളക്ടർമാർക്ക് കൂടിയാവും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഫോട്ടോ/വീഡിയോ തെളിവിനായി ചിത്രീകരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |