
തിരുവനന്തപുരം: സർക്കാർ അനുമതി വാങ്ങാതെ വിഴിഞ്ഞം തുറമുഖ ഓഹരി വില്പനയ്ക്കുള്ള അദാനിഗ്രൂപ്പിന്റെ നീക്കം തടയാൻ എന്ത് നടപടി സ്വീകരിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ ഉടമസ്ഥതയിൽ തന്നെ തുറമുഖം തുടരണം.
ദേശീയ സുരക്ഷയും പൊതുജനതാത്പര്യവും കണക്കിലെടുത്തേ ഓഹരി കൈമാറ്റത്തിന് അനുമതി നൽകാവൂ. ഇന്ത്യൻ സായുധസേന വിഴിഞ്ഞത്ത് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ അഭ്യർത്ഥിച്ചിട്ടും അദാനി ഗ്രൂപ്പ് താത്പര്യം കാട്ടിയില്ലെന്നത് ശ്രദ്ധേയമാണ്. സ്വകാര്യ കമ്പനിക്ക് വഴിവിട്ട സൗജന്യങ്ങൾ നൽകി സംസ്ഥാന താത്പര്യം ബലികഴിക്കരുത്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ നൽകിയ കത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി തൃപ്തികരമല്ല. പകരം ഊഹാപോഹങ്ങളെ അടിസ്ഥാനപ്പെടുത്തി വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാനാണ് ശ്രമിച്ചത്. ഇത് ദൗർഭാഗ്യകരമാണ്.
ജൂലായ് ഒന്നിന് ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് താൻ ചില ആശങ്കകൾ സഭയിൽ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയിൽ ഇതൊന്നും അറിയില്ലെന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിലും ഓഹരിക്കൈമാറ്റം അദാനി അറിയിച്ചത് സംബന്ധിച്ച് നിശബ്ദത പാലിച്ചു. എന്നാൽ ജൂലായ് ഒന്നിന് അദാനി ഗ്രൂപ്പ് സെബിക്ക് കത്ത് നൽകിയ വിവരം സർക്കാരിനെ അറിയിച്ചതായി സ്ഥിരീകരിക്കപ്പെട്ടു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അവർ സെബിയെ ഓഹരിക്കൈമാറ്റം അറിയിച്ചതിലെ അപാകതയും കരാർ ലംഘനവും ഞാൻ സൂചിപ്പിച്ചു. തുടർന്ന് ജൂലായ് 3ന് ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് മറ്റൊരു കത്തുകൂടി അദാനി ഗ്രൂപ്പ് നൽകിയതായി മുഖ്യമന്ത്രിയുടെ മറുപടിയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്രയൊക്കെ ആയിട്ടും ജൂലായ് എട്ട് വരെ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ലെന്നത് ദുരൂഹമാണ്.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കുന്നതിൽ എൽ. ഡി.എഫ് സർക്കാർ ഓരോ ചുവടും വച്ചത് സൂക്ഷ്മതയോടെയും സുതാര്യതയോടെയുമായിരുന്നു. വെല്ലുവിളികൾ തരണം ചെയ്ത് തുറമുഖം നാടിന് സമർപ്പിക്കാൻ കഴിഞ്ഞത് എൽ.ഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്തിയുടെ ദൃഷ്ടാന്തമാണെന്നും പിണറായി പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിക്ക് കത്തെഴുതി പിണറായി
വിഴിഞ്ഞവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആശങ്കകൾക്ക് മറുപടി തേടി മുഖ്യമന്ത്രിക്ക് പിണറായി വിജയൻ കത്തയച്ചു. വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പും പരിപാലനവും മാത്രമാണ് അദാനി ഗ്രൂപ്പിനുള്ളത്. വിഴിഞ്ഞം കോൺക്ലേവിനെ ഓഹരി കൈമാറ്റവുമായി ബന്ധിപ്പിക്കുന്നത് ദുസ്സൂചന നിറഞ്ഞ ദുരാരോപണമാണ്. 2025ൽ തലസ്ഥാനത്ത് സംഘടിപ്പിച്ച കോൺക്ലേവ് പോർട്ടിന്റെ പ്രവർത്തനക്ഷമതയും വ്യാവസായിക വളർച്ചയും ചർച്ച ചെയ്യാനുള്ള വേദിയായിരുന്നു. ഓഹരി കൈമാറ്റം സംബന്ധിച്ച ഒരു ചർച്ചയും എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നടന്നിട്ടില്ല. കരാർ പ്രകാരം വിഴിഞ്ഞത്തിന് 250 കിലോമീറ്ററിനുള്ളിൽ മറ്റൊരു തുറമുഖത്ത് ഓഹരി പങ്കാളിത്തമുള്ള കമ്പനിക്ക് ഓഹരി കൈമാറാൻ നിയമപരമായ തടസ്സങ്ങളുണ്ട്. തൂത്തുക്കുടിയിൽ അവകാശമുള്ള എം.എസ്.സി കമ്പനിയുമായുള്ള അദാനിയുടെ നീക്കം കരാർ ലംഘനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |