
തിരുവനന്തപുരം: ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ചെറിയ തോതിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് മന്ത്രി സണ്ണി ജോസഫ്. പ്രതിസന്ധി മറികടക്കുന്നതിന് സാദ്ധ്യമായ എല്ലാ മാർഗവും കെ.എസ്.ഇ.ബി നടത്തുന്നുണ്ട്.
മഴയുടെ കുറവും ചൂട് കൂടിയതും വൈദ്യുതി ഉപഭോഗം കൂടാൻ ഇടയാക്കി. രാജ്യമാകെ വൈദ്യുതി വിപണിയിലുണ്ടായ വിലക്കയറ്റവും വേനൽകാല ആവശ്യത്തിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വാങ്ങിയ 530 മെഗാവാട്ട് സെപ്തംബർ 15 വരെ തിരിച്ചുനൽകാനുള്ളതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായി.
ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കെ യൂണിറ്റിന് 4.29 രൂപ നിരക്കിൽ വൈദ്യുതി ലഭ്യമായിരുന്നു. ദീർഘകാലകരാറുകൾ പിന്നീട് റദ്ദാക്കപ്പെട്ടതും പ്രതിസന്ധിക്ക് കാരണമാണ്. സോളാർ വൈദ്യുതി രാത്രിയിൽ സംഭരിക്കാനുമാകുന്നില്ല. നിലവിലുള്ള വൈദ്യുതി ലഭ്യത- കേന്ദ്ര നിലയങ്ങൾ (1700 മെഗാവാട്ട്), ദീർഘകാലകരാറുകൾ (650 മെഗാവാട്ട്), ഹ്രസ്വകാല കരാറുകൾ (150 മെഗാവാട്ട്), ആഭ്യന്തര ഉത്പാദനം (1600 മെഗാവാട്ട്) എന്നിവയടക്കം 4100 മെഗവാട്ടാണ്.
എന്നാൽ 500 മുതൽ 600 മെഗാവാട്ടുവരെ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടായതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തിൽ വൈദ്യുതി ഉപഭോഗം കഴിയുന്നത്ര കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണം. കെ.എസ്.ഇ.ബി സി.എം.ഡി എം.ജി.രാജമാണിക്യം, ഡയറക്ടർമാർ എന്നിവരടക്കം പങ്കെടുത്ത യോഗം പരിഹാര മാർഗങ്ങൾ ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു.
വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ
എ.സിയുടെ താപനില 25 ഡിഗ്രിയിലോ അതിൽകൂടുതലോ സെറ്റ് ചെയ്യണം
അലങ്കാര വിളക്കുകൾ ഒഴിവാക്കണം. വൈദ്യുതി വാഹനങ്ങൾ പകൽ സമയം ചാർജ് ചെയ്യുക.
വാട്ടർപമ്പ്, ഹീറ്റർ, വാഷിംഗ് മെഷീൻ, ഇൻഡക്ഷൻ കുക്കർ, അയൺബോക്‌സ് എന്നിവയുടെ ഉപയോഗം പീക്ക് മണിക്കൂറുകളിൽ ഒഴിവാക്കുക
ബി.എൽ.ഡി.സി ഫാനുകൾ, എൽ.ഇ.ഡി ലൈറ്റുകൾ എന്നിവ ഉപയോഗിക്കണം. വ്യവസായ സ്ഥാപനങ്ങൾ ഷിഫ്റ്റ് ക്രമീകരിച്ച് രാത്രി ഉപഭോഗം കുറയ്ക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |