
കൊച്ചി: അധികൃതരുടെ കർശന മേൽനോട്ടമില്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന നിലയിൽ ഫാക്ടറികളിലെ ബോയിലറുകൾ. 2024 മുതൽ കഴിഞ്ഞ മാർച്ച് വരെ കേരളത്തിൽ നാലിടത്ത് ബോയിലർ പൊട്ടിത്തെറിച്ച് മരിച്ചത് നാലു പേർ. സാരമായി പരിക്കേറ്റത് 17 പേർക്കും. മാനദണ്ഡങ്ങൾ പാലിക്കാത്തതും അറ്റകുറ്റപ്പണി ചെയ്യാത്തതുമായ ബോയിലറുകൾ ബോംബിനെപ്പോലെയാകും. സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പാണ് പരിശോധിക്കേണ്ടത്. ഇന്ത്യൻ ബോയിലർ റെഗുലേഷൻ (ഐ.ബി.ആർ) മാനദണ്ഡ പ്രകാരം അംഗീകൃത ഫാക്ടറികളിൽ പ്രത്യേകം ഓർഡർ നൽകി നിർമ്മിച്ച്, സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിന്റെ അംഗീകാരത്തോടെയേ ബോയിലർ പ്രവർത്തിപ്പിക്കാവൂ. ലൈസൻസുള്ള ഓപ്പറേറ്റർ നിർബന്ധം. അഴിമതിക്കാരായ ഉദ്യോഗസ്ഥർ നിയമലംഘനങ്ങളോട് കണ്ണടയ്‌ക്കും. ബോയിലർ തോന്നും പോലെ സ്ഥാപിക്കും. അറ്റകുറ്റപ്പണി പരിചയമില്ലാത്തവരെക്കൊണ്ട് ചെയ്യിക്കും. ബോയിലറിന്റെ ശേഷി അനുസരിച്ച്, ഓപ്പറേറ്റർമാർക്ക് എ, ബി ക്ലാസ് ലൈസൻസുണ്ട്. അറ്റകുറ്റപ്പണി ചെയ്യുന്നതിന് ഗ്രേഡ്-1, ഗ്രേഡ്-2, സ്പെഷ്യൽ ക്ലാസ് എന്നിങ്ങനെ യോഗ്യതയും നിശ്ചയിച്ചിട്ടുണ്ട്. പ്ലൈവുഡ്, ടയർ ഫാക്ടറികളും റൈസ് മില്ലുകളും മുതൽ ആയുർവേദ മരുന്ന് നിർമ്മാണശാലകളിലും ഹോട്ടലുകളിലും ആശുപത്രികളിലും ബോയിലറുകളുണ്ട്.
ഗുണനിലവാരമില്ലേൽ അപകടം
1. ഐ.ബി.ആർ മാനദണ്ഡപ്രകാരം 23.73 ലിറ്റർ മുതൽ ശേഷിയുള്ളതും വെള്ളം തിളപ്പിച്ച് നീരാവി ഉത്പാദിപ്പിക്കുന്നതുമായ ഏത് പാത്രവും വലിയ പ്രഷർ കുക്കറും ബോയിലറാണ്.
2. ഒരു വർഷം കഴിയുമ്പോൾ ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ബോയിലർ അഴിച്ച് ഉപകരണങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി റീ-ഇൻസ്റ്റാൾ ചെയ്താലേ അനുമതി പുതുക്കാനാകൂ.
3. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ജോയിന്റ് ഡയറക്ടറുടെ അനുമതിയോടെ അംഗീകൃത ടെക്‌നീഷ്യന്മാരാണ് അറ്റകുറ്റപ്പണി ചെയ്യേണ്ടത്.
അപകടങ്ങൾ
1. 2024- ആലുവ എടയാർ: മരണം:1, പരിക്ക്: 3
2. 2025- എറണാകുളത്ത് ഹോട്ടലിൽ: മരണം: 1, പരിക്ക്:4
3. 2025- കാസർകോട് പ്ലൈവുഡ് ഫാക്ടറി: മരണം:1, പരിക്ക്:10
4. 2026- ആലുവ എടയാർ കരിഓയിൽ ഫാക്ടറി- മരണം:1
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |