SignIn
Kerala Kaumudi Online
Sunday, 02 August 2026 4.08 AM IST

സർക്കാരുമായി കൈകോർത്ത് കൊച്ചിൻ കപ്പൽശാല; പോളിയിൽ സ്വാശ്രയ കപ്പൽ നിർമ്മാണ കോഴ്സ്, 60 സീറ്റിൽ പ്രവേശനം

ship

തിരുവനന്തപുരം: കപ്പൽനിർമ്മാണ, മാരിടൈം മേഖലയിലെ വൻശമ്പളമുള്ള തൊഴിലുകൾക്കാവശ്യമായ നൈപുണ്യം ഉറപ്പാക്കാൻ കൊച്ചിൻ കപ്പൽശാലയുമായി ചേർന്ന് ഡിപ്ലോമ കോഴ്സുകൾ തുടങ്ങുന്നു. ഷിപ്പ്ബിൽഡിംഗ് ടെക്നോളജിയിൽ കളമശേരി ഗവ.പോളിടെക്നിക് കോളേജിൽ വ്യവസായ ബന്ധിതകോഴ്സ് ആരംഭിക്കാൻ സർക്കാർ ഉത്തരവിറക്കി. കേരളത്തിലെ ആദ്യത്തെ വ്യവസായബന്ധിത ഡിപ്ലോമ കോഴ്സാണിത്. അടിസ്ഥാന സൗകര്യങ്ങൾ കപ്പൽശാലയൊരുക്കും. അക്കാഡമിക് ചുമതല സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനാണ്.

സ്വാശ്രയ കോഴ്സായതിനാൽ സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയുണ്ടാവില്ല. ആദ്യബാച്ചിൽ 60പേർക്കായിരിക്കും പ്രവേശനം. കളമശ്ശേരി പോളിടെക്നിക്കിലെ രണ്ടേക്കർ ഭൂമി അടിസ്ഥാന സൗകര്യമൊരുക്കാൻ വിട്ടുനൽകും. ഉടമസ്ഥാവകാശം സർക്കാരിനായിരിക്കും. ഭൂമി കൈമാറാനോ പാട്ടത്തിന് നൽകാനോ ഉടമസ്ഥാവകാശം മാറ്റാനോ പാടില്ല. ലബോറട്ടറികൾ, ഉപകരണങ്ങൾ, മറ്റ് സൗകര്യങ്ങൾ എന്നിവ കൊച്ചിൻ കപ്പൽശാല സജ്ജമാക്കണം. സിലബസ് തയ്യാറാക്കൽ, പരിഷ്കരണം, പാഠ്യപദ്ധതി, അദ്ധ്യാപക നിയമനം, വിദ്യാർത്ഥി പ്രവേശനം, ക്ലാസുകൾ, പരീക്ഷകൾ, സർട്ടിഫിക്കറ്റ് വിതരണം, അക്കാഡമിക്ഭരണം എന്നിവയെല്ലാം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ ചുമതലയാണ്.

വ്യവസായ മേഖലയ്ക്ക്

പുതിയ കോഴ്സുകൾ

കൂടുതൽ സ്ഥാപനങ്ങളുമായി ചേർന്ന് ഇത്തരം കോഴ്സുകൾ തുടങ്ങാനാണ് തീരുമാനം.

വ്യവസായ സ്ഥാപനങ്ങളുമായി ചേർന്ന് തൊഴിലുറപ്പാക്കുന്ന ആധുനിക കോഴ്സുകളായിരിക്കും ഇനി തുടങ്ങുക. തൊഴിൽ സാദ്ധ്യതയ്ക്കനുസരിച്ചായിരിക്കും സിലബസ്. തൊഴിൽദാതാവിന് ആവശ്യമായ നൈപുണ്യമെന്താണെന്ന് കണ്ടെത്തിയാവും പരിശീലനം. തൊഴിൽക്ഷമ കൂട്ടാനും സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യം. കോളേജുകളിൽ ഇന്നൊവേഷൻ, ഇൻക്യുബേഷൻ, സ്റ്റാർട്ടപ്പ് സംവിധാനങ്ങളൊരുക്കും. ക്യാമ്പസ് പ്ലേസ്‌മെന്റുകളും വ്യാപകമാവും.

ചെറുബോട്ടുമുതൽ

വിമാനവാഹിനി വരെ


ചെറുബോട്ടുകൾ മുതൽ വിമാനവാഹിനികപ്പലുകൾ വരെ നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവുംവലിയ കപ്പൽ നിർമ്മാണ-അറ്റകുറ്റപ്പണി കേന്ദ്രങ്ങളിലൊന്നാണ് കൊച്ചിൻ കപ്പൽശാല.


ഇന്ത്യ സ്വന്തമായി നിർമ്മിച്ച ആദ്യത്തെ വിമാനവാഹിനി കപ്പലായ 'ഐ.എൻ.എസ് വിക്രാന്ത്' നിർമ്മിച്ചത് ഇവിടെയാണ്. കപ്പൽഅറ്റകുറ്റപ്പണി കേന്ദ്രവുമുണ്ട്.


വാണിജ്യ ടാങ്കറുകൾ, ബൾക്ക് കാരിയറുകൾ, ടഗ്ഗുകൾ, പാസഞ്ചർ വെസ്സലുകൾ, ഇലക്ട്രിക്-ഹൈഡ്രജൻ ഫെറികൾ എന്നിവയെല്ലാം നിർമ്മിക്കുന്നു.


''വിഴിഞ്ഞം-കൊച്ചി തുറമുഖങ്ങൾ, കൊച്ചിൻ കപ്പൽശാല എന്നിവയെ ഉൾപ്പെടുത്തി കപ്പൽനിർമാണം, അറ്റകുറ്റപ്പണി, ഓഫ്‌ഷോർ ഫാബ്രിക്കേഷൻ, മറൈൻ എൻജിനിയറിംഗ്, ലോജിസ്റ്റിക്സ്, മാരിടൈം സേവനങ്ങൾ എന്നിവയ്ക്കായുള്ള സമഗ്രവികസനപദ്ധതി നടപ്പാക്കും''


-വി.ഡി.സതീശൻ,

മുഖ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHIN SHIPYARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA