
ചേർത്തല: എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന് എസ്.എൻ.ഡി.പി യോഗം
ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഉത്തരവാദിയാക്കുന്ന തരത്തിൽ മുൻ സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ പ്രസ്താവന പിൻവലിച്ച് യോഗത്തോടും,അതിലെ
ലക്ഷക്കണക്കിന് അംഗങ്ങളോടും ഖേദം പ്രകടിപ്പിക്കണമെന്ന് യോഗം കൗൺസിൽ
പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ശ്രീനാരായണ ഗുരുവിന്റെ മഹത്തായ ദർശനത്തിൽ രൂപം കൊണ്ട എസ്.എൻ.ഡി.പി യോഗം ഒരു നൂറ്റാണ്ടിലേറെയായി സാമൂഹിക നവോത്ഥാനം, വിദ്യാഭ്യാസ പുരോഗതി, പിന്നാക്ക
വിഭാഗങ്ങളുടെ ശാക്തീകരണം, ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം എന്നിവയ്ക്കായി
പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. അത്തരമൊരു പ്രസ്ഥാനത്തെയും അതിന്റെ
നേതൃത്വത്തെയും രാഷ്ട്രീയ പരാജയങ്ങൾക്ക് ബലിയാടാക്കാനുള്ള ശ്രമം ചരിത്രത്തോടും
സാമൂഹ്യ യാഥാർത്ഥ്യങ്ങളോടുമുള്ള അനാദരവാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിൽ യോഗം സാമൂഹിക
നീതി, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം, പിന്നാക്ക വിഭാഗങ്ങളുടെ അവകാശ
സംരക്ഷണം എന്നീ മേഖലകളിൽ നിർണായക ഇടപെടലുകളാണ് നടത്തുന്നത്.ശ്രീനാരായണ ഗുരുവിന്റെ സമത്വ ദർശനത്തിലും ജനാധിപത്യ മൂല്യങ്ങളിലും ഉറച്ച വിശ്വാസത്തോടെ,
സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന പോരാട്ടം യോഗം തുടർന്നും ശക്തമായി
മുന്നോട്ട് കൊണ്ടു പോകുമെന്നും കൗൺസിൽ ഏകകണ്ഠമായി പ്രഖ്യാപിച്ചു.
പ്രസിഡന്റ് ഡോ. എം എൻ .സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി
വെള്ളാപ്പള്ളി നടേശൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി പ്രമേയം അവതരിപ്പിച്ചു. യോഗം കൗൺസിലർമാരായ പി.സുന്ദരൻ, പി.എസ്.എൻ ബാബു, വിപിൻരാജ്, ബേബിറാം, പി.കെ. പ്രസന്നൻ , പി.ടി . മന്മദൻ, സന്ദീപ് പച്ചയിൽ,
എബിൻ അമ്പാടിയിൽ, സി.എം ബാബു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |