SignIn
Kerala Kaumudi Online
Friday, 31 July 2026 4.03 AM IST

'ജീവൻ രക്ഷിക്കാൻ" വൈദ്യുതി ഫ്രീയില്ല,​ കെ.എസ്.ഇ.ബി ഉത്തരവ് നടപ്പിലാക്കാതെ ഉദ്യോഗസ്ഥർ

READ ENGLISH VERSION
electric-bill

തൃശൂർ: വീടുകളിൽ സജ്ജീകരിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങൾക്കു വേണ്ട വൈദ്യുതി പൂർണ സൗജന്യമാക്കിക്കൊണ്ടുള്ള ഉത്തരവ് അഞ്ചുവർഷമായി കെ.എസ്.ഇ.ബി ജീവനക്കാർ നടപ്പാക്കുന്നില്ല. 2021ലാണ് കെ.എസ്.ഇ.ബി ഉത്തരവിറക്കിയത്. കിടപ്പുരോഗികൾക്ക് സജ്ജമാക്കേണ്ട വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്സിജൻ കോൺസൺട്രേറ്റർ തുടങ്ങിയവയ്ക്കാണ് വൈദ്യുതി സൗജന്യമാക്കിയത്. ഉദ്യോഗസ്ഥരുടെ അലംഭാവവും കെടുകാര്യസ്ഥതയുമാണ് ആയിരക്കണക്കിനു കിടപ്പുരോഗികൾക്ക് ആശ്വാസമാകുന്ന പദ്ധതിയെ ഇരുട്ടിലാക്കിയത്. എന്നാൽ, ജോലിഭാരമേറുമെന്ന മുട്ടാപ്പോക്കാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കാരണമായി പറയുന്നത്.

2014ലാണ് ഇതുസംബന്ധിച്ച ആദ്യ ഉത്തരവുണ്ടായത്. 100 യൂണിറ്റുവരെ സൗജന്യമായി നൽകാനുള്ള അനുമതിയേ അതിലുണ്ടായിരുന്നുള്ളൂ. തുടർന്ന് 2019ൽ പൂർണമായി സൗജന്യമാക്കിക്കൊണ്ടുള്ള ഉത്തരവെത്തി. അതും നടപ്പാക്കാത്തത് സംബന്ധിച്ച് കേരളകൗമുദി നൽകിയ വാർത്തയെത്തുടർന്ന് 2021ൽ വീണ്ടും ഉത്തരവിറക്കി. ആറു മാസത്തോളം അത് ഭാഗികമായി നടപ്പായി. ഇപ്പോൾ പൂർണനിദ്ര‌യിലാണ് പദ്ധതി.

ഉപഭോക്താക്കൾ ചെയ്യേണ്ടത്

1.സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയർക്ക് വെള്ള പേപ്പറിൽ വിശദാംശങ്ങൾ ഉൾപ്പെടുത്തി അപേക്ഷ നൽകണം

2.രോഗി ഉപയോഗിക്കുന്ന ഉപകരണങ്ങൾ ജീവൻ നിലനിറുത്തുന്നതിന് അത്യന്താപേക്ഷിതമെന്ന് ഗവ. ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തണം

3.അപേക്ഷയോടൊപ്പം 200രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലവും സമർപ്പിക്കണം

ഉദ്യോഗസ്ഥർ ചെയ്യേണ്ടത്

1.അപേക്ഷയുടെ അടിസ്ഥാനത്തിൽ ജീവൻ രക്ഷാഉപകരണങ്ങൾക്കു പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് അസിസ്റ്റന്റ് എൻജിനിയർ കണക്കാക്കണം

2.ആറു മാസമാകുമ്പോൾ ജീവൻ രക്ഷാസംവിധാനം തുടർന്നും ആവശ്യമാണോ എന്ന് അസിസ്റ്റന്റ് എൻജിനിയർ പരിശോധിക്കണം

3.ഓരോ ആറുമാസം കൂടുമ്പോഴും ഇത് ആവർത്തിക്കണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA