SignIn
Kerala Kaumudi Online
Friday, 31 July 2026 4.05 AM IST

നാളെ വായ ശുചിത്വദിനം, ഇനി കുറച്ച് വായ്നോട്ടമാകാം

oral-

ആരോഗ്യം സംരക്ഷണത്തിന് വായ ക്ലീനാക്കണം

ഹൃദയാഘാതത്തെ പ്രതിരോധിക്കും

ആലപ്പുഴ: 'ശരീരത്തിന്റെ കണ്ണാടി വായ" ആണെന്നാണ് അടുത്തകാലത്ത് നടന്ന ഗവേഷണങ്ങളിലെ കണ്ടെത്തൽ. നിരവധി രോഗലക്ഷണങ്ങൾ പ്രകടമാകുന്നതും വായയിലാണ്. പ്രമേഹത്തിന്റെ ആദ്യ സൂചനകൾ മോണപരിശോധനയിലൂടെയാണ് പലപ്പോഴും തിരിച്ചറിയുന്നത്. മോണയുടെ ആരോഗ്യം നന്നല്ലെങ്കിൽ പ്രമേഹത്തെ നിയന്ത്രിക്കാനാകില്ല. മോണചികിത്സ ഫലപ്രദമാകുമ്പോൾ പ്രമേഹം വരുതിയിലാകും.

ധാരാളം രക്തധമനികളുള്ള ഭാഗമാണ് മോണ. ഇവിടെ പഴുപ്പുണ്ടായാൽ ധമനികളിലൂടെയുള്ള രക്തചംക്രമണം വഴി ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വേദന കുറവായതിനാൽ മോണപഴുപ്പിനെ പലരും നിസാരവത്കരിക്കാറുണ്ട്. മോണപഴുപ്പുള്ളവർക്ക് സന്ധിവാതത്തിനുള്ള ചികിത്സ ഫലംകാണാറില്ലെന്നും ഡോക്ടർമാർ പറയുന്നു.

കിടപ്പുരോഗികളിൽ വായ ശുചിത്വം മെച്ചപ്പെടുത്തുമ്പോൾ ഇന്ദ്രീയങ്ങളുടെ പ്രവർത്തനം ഫലപ്രദമാകും. വായ ശുചിത്വം പാലിക്കാത്ത ഗർഭിണികൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങളിൽ തൂക്കക്കുറവ് കാണാറുണ്ട്. വായയിലെ അണുക്കൾ ഗർഭപാത്രത്തിലെ പ്ലാസന്റയുടെ തടസം മറികടന്ന് ഗർഭസ്ഥശിശുവിന്റെ വളർച്ചയെ മുരടിപ്പിക്കുന്നതാണ് കാരണം. കുട്ടികളിൽ പാൽപ്പല്ല് മൂന്ന് വയസിനുമുമ്പേ അണുക്കൾ കയറി നശിക്കുന്നത് സംസാരശേഷി വൈകിപ്പിക്കാനിടയാക്കും.

കുട്ടികൾ 2 നേരം

പല്ലുതേക്കണം

9 വയസുവരെ കുട്ടികൾ രണ്ടുനേരം പല്ലുതേക്കുന്നുണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പാക്കണം. എന്തുകഴിച്ചാലും 15സെക്കൻഡ് വായ കുലുക്കി കഴുകണം. എണ്ണ, പഞ്ചസാര എന്നിവ നിയന്ത്രിക്കണം.

മുതിർന്നവരും ശ്രദ്ധിക്കണം

ആറുമാസത്തിലൊരിക്കൽ ദന്ത പരിശോധന നടത്തണം

അണുക്കളുടെ സംഭരണിയായ നാവ് നിത്യവും വടിക്കണം

മോണകൾ നന്നായി മസാജ് ചെയ്യണം

പല്ലിന്റെ ഇടഭാഗങ്ങൾ ശുചിയാക്കാൻ ഫ്ലോസ്, ഇന്റർഡന്റൽ ബ്രഷ് പോലുള്ളവ ഉപയോഗിക്കുക

ദന്തരോഗങ്ങളി​ൽ 90 ശതമാനവും പ്രാരംഭഘട്ടത്തിൽ തന്നെ പരിഹരിക്കാനാകും. പിന്നത്തേക്ക് മാറ്റിവയ്ക്കുന്നതാണ് രോഗം വഷളാക്കുന്നത്.

- ‌ഡോ. എസ്. രൂപേഷ്,

ഡെന്റൽ സർ‌ജൻ, ആലപ്പുഴ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ORAL HYGIENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA