
തൊടുപുഴ: സാധാരണക്കാരന് പാചക വാതക സിലിണ്ടര്‍ കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കുമ്പോള്‍ കരിഞ്ചന്തയില്‍ ഇവ സുലഭം. ഹോട്ടലുകള്‍ക്കും ചില തട്ടുകടകള്‍ക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഗാര്‍ഹിക ആവശ്യത്തിനായി ആയിരം രൂപയ്ക്കടുത്ത് ലഭിക്കുന്ന സിലിണ്ടര്‍ 4000- 5000 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ കിട്ടുന്നത്. തിരക്കേറിയ കടകളില്‍ രണ്ടു ദിവസം പോലും ഉപയോഗിക്കാനാകാത്ത സിലിണ്ടര്‍ ഇവര്‍ക്ക് മാത്രം എവിടെ നിന്ന് യഥേഷ്ടം ലഭിക്കുന്നുവെന്നത് അവ്യക്തമാണ്.
സാധാരണക്കാര്‍ ബുക്ക് ചെയ്താല്‍ 20ഉം 25ഉം ദിവസം കാലാവധി പറയുന്നിടത്താണ് കരിഞ്ചന്തയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ സിലിണ്ടര്‍ ലഭിക്കുന്നത്. ഇത്തരം ക്രമക്കേടുകള്‍ തടയാന്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നിരീക്ഷണ സമിതിയുണ്ടെങ്കിലും പ്രവര്‍ത്തനം ഫലപ്രദമല്ലെന്നാണ് കരിഞ്ചന്തവ്യാപാരം സൂചിപ്പിക്കുന്നത്. എന്നാല്‍ പരിശോധനകള്‍ കര്‍ശനമാണെന്നും കെ.വൈ.സി അപ്‌ഡേഷന്‍ നടത്താത്ത ഉപഭോക്താക്കള്‍ക്ക് ബില്ലിംഗ് ചെയ്യാനാവാത്തതിനാല്‍ വിതരണം മുടങ്ങാറുണ്ടെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
ചില ഏജന്‍സികള്‍ക്ക് കമ്പനി നിയന്ത്രണമുള്ളതിനാല്‍ വിതരണകാലതാമസം നേരിടുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊലീസ്- റവന്യൂവകുപ്പുകളുമായി ചേര്‍ന്ന് പരിശോധന വിപുലമാക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശമുണ്ടെന്നും കരിഞ്ചന്ത സംബന്ധിച്ചോ, മറ്റ് പരാതികളോ ഉള്ളവര്‍ അറിയിച്ചാല്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
വിതരണം സുഗമമല്ലെന്ന്
ഗാര്‍ഹിക ആവശ്യത്തിനായുള്ള പാചക വാതക സിലിണ്ടറിന്റെ വിതരണം ജില്ലയില്‍ സുഗമമല്ലെന്ന ആരോപണം ശക്തമാണ്. ബുക്ക് ചെയ്താല്‍ പോലും ഏജന്‍സികള്‍ കൃത്യസമയത്ത് വിതരണം നടത്തുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഹൈറേഞ്ച് മേഖലയിലാണ് പ്രതിസന്ധി രൂക്ഷമായിട്ടുള്ളത്. അടിമാലി, ഇടുക്കി, പീരുമേട്, നെടുങ്കണ്ടം കട്ടപ്പനയടക്കമുള്ള സ്ഥലങ്ങളിലെ പല മേഖലകളിലും പ്രതിസന്ധിയുണ്ട്.
നിലവില്‍ ഒരു സിലിണ്ടര്‍ ബുക്ക് ചെയ്താല്‍ ആഴ്ചകളോളം കാത്തിരിക്കേണ്ട സാഹചര്യമാണ്. പല ഏജന്‍സികളും ഉപഭോക്താക്കള്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. ഏജന്‍സികളില്‍ അന്വേഷിച്ചാല്‍ കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. പലയിടത്തും വിതരണ കാലതാമസംമൂലം ഗ്യാസ് ഏജന്‍സികളും ഉപഭോക്താക്കളും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതും പതിവാണ്. ബോട്ട്‌ലിംഗ് പ്ലാന്റുകളിലെ സാങ്കേതിക തടസങ്ങളും സിലിണ്ടറുകളുടെ സ്റ്റോക്കിലുണ്ടായ കുറവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായി ഏജന്‍സികള്‍ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |