
കണ്ണൂർ: പതിനാലുവർഷത്തിനു ശേഷം മകൾ ഷിഫ മിണ്ടിത്തുടങ്ങിയതിന്റെ സന്തോഷത്തിലാണ് കുറുമാത്തൂർ വില്ലേജ് റോഡ് സ്ട്രീറ്റ് നമ്പർ ഒന്നിലെ ഷറഫുദ്ദീൻ. നിമിത്തമായത് ലക്ഷങ്ങൾ ചെലവിട്ട് മകൾക്കായി ഒരുക്കിയ പാർക്കിലെ കുട്ടികളുടെ കളിയും ചിരിയും. കളിക്കൂട്ടുകാർ വന്നതിനു പിന്നാലെ ഭിന്നശേഷിക്കാരിയായ ഷിഫയുടെ മൗനവും അലിഞ്ഞില്ലാതായി.
ഗൾഫിൽ കമ്പ്യൂട്ടർ എൻജിനിയറായി എട്ടുവർഷം ജോലി ചെയ്ത സമ്പാദ്യത്തിൽ നിന്ന് പതിമൂന്ന് ലക്ഷം മുടക്കി ഒരുക്കിയ പാർക്കിന്റെ പേരും ഷിഫ. ഉപ്പ, ഉമ്മ എന്ന് ഷിഫയുടെ ചുണ്ടുകൾ ഉരുവിടുമ്പോൾ ഇതിലും വലിയ സമ്മാനം കിട്ടാനില്ലെന്ന് ഷറഫുദ്ദീനും ഭാര്യ ഫാത്തിമയും പറയുന്നു.
ഒരു വർഷം മുൻപ് ഷിഫയുടെ പതിമൂന്നാം പിറന്നാളിനാണ് വീടിനോട് ചേർന്ന് 15 സെന്റ് സ്ഥലത്ത് ഷറഫുദ്ദീൻ പാർക്ക് ഒരുക്കിയത്. പുറത്തിറങ്ങി കളിക്കാൻ കഴിയാത്ത മകൾക്ക് കൂട്ടുകാരെ വീട്ടുപടിക്കൽ എത്തിക്കുകയായിരുന്നു ലക്ഷ്യം. ഊഞ്ഞാലും സീസോയും ആടുന്ന കുതിരയും പുൽത്തകിടിയുമുള്ള ചെറിയ ലോകം.
മറ്റു കുട്ടികളുമായി ഇടപഴകാൻ അവസരമൊരുക്കണമെന്ന ഡോക്ടർമാരുടെ ഉപദേശമാണ് ഷറഫുദ്ദീൻ പാർക്കിലൂടെ സഫലമാക്കിയത്. വൈകുന്നേരങ്ങളിൽ അയൽപക്കത്തെ കുട്ടികൾ കളിക്കാനെത്തിയതോടെ ഷിഫയുടെ ലോകം സാവധാനം വികസിച്ചു.
കുറുമാത്തൂർ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയായ ഷിഫയ്ക്ക് തളിപ്പറമ്പ് ബി.ആർ.സിയിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർ എത്തുന്ന ദിവസങ്ങളിൽ സ്‌കൂളിൽ പോകും. ബാക്കിയുള്ള ദിവസങ്ങളിൽ കൂട്ടുകാരെയും കാത്ത് അവളിരിക്കും.
നാട്ടിൽ ഡാറ്റാ എൻട്രി, റിയൽ എസ്റ്റേറ്റ് മേഖലകളിൽ പ്രവർത്തിക്കുകയാണ് ഷറഫുദ്ദീൻ. ഫാത്തിമ പൂർണസമയവും മകൾക്കൊപ്പമാണ്.
അനുകമ്പയല്ല; ആവശ്യം
തുല്യപരിഗണന
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അനുകമ്പയെക്കാൾ ആവശ്യം പരിഗണനയാണെന്ന ഷറഫുദ്ദീന്റെ വാക്കുകളിലുണ്ട് പാർക്കിന്റെ തത്വശാസ്ത്രം. കുറുമാത്തൂർ, തളിപ്പറമ്പ് മേഖലകളിലെ ഭിന്നശേഷിക്കാരായ ഒട്ടേറെ കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശ്രയകേന്ദ്രമാണിപ്പോൾ ഈ പാർക്ക് .
അടുത്തുള്ള അങ്കണവാടികളിൽ നിന്നും സ്‌കൂളുകളിൽ നിന്നും കുട്ടികൾ പാർക്ക് കാണാനും എത്തുന്നുണ്ട്. ഷിഫയെപ്പോലുള്ള കുട്ടികൾക്കായി പാർക്കിനോട് ചേർന്ന് സൗജന്യമായി ഒരു തെറാപ്പി സെന്റർ കൂടി ഒരുക്കാനുള്ള ഒരുക്കത്തിലാണ് കുടുംബം.
പാർക്കിലേക്ക് വരുന്ന ഭിന്നശേഷി കുട്ടികൾക്ക് വീൽചെയർ ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കണം. വഴിയിൽ നാനൂറ് മീറ്റർ ഭാഗം ടാറിംഗ് ഇല്ലാത്തതാണ്. വെള്ളക്കെട്ട് രൂപപ്പെടുന്നത് കുട്ടികളെ ബുദ്ധിമുട്ടിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |