
□കേരള കൗമുദി വാർത്തയിൽ നടപടി
തൃശൂർ: വീടുകളിൽ സജ്ജീകരിക്കുന്ന ജീവൻരക്ഷാ ഉപകരണങ്ങൾക്ക് വേണ്ട വൈദ്യുതി പൂർണ സൗജന്യമാക്കിയുള്ള ഉത്തരവ് അഞ്ചു വർഷമായി കെ.എസ്.ഇ.ബി ജീവനക്കാർ നടപ്പാക്കുന്നില്ലെന്ന കേരളകൗമുദി വാർത്തയിൽ അടിയന്തര ഇടപെടലുമായി സർക്കാർ. ആരോഗ്യ, വൈദ്യുതി മന്ത്രിമാരാണ് നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയത്. വകുപ്പ് സെക്രട്ടറിയിൽ നിന്ന് വിഷയത്തെക്കുറിച്ച് ആരാഞ്ഞുവെന്നും എത്രയും വേഗം പദ്ധതി പുനരാരംഭിച്ച് സാധാരണക്കാരായ രോഗികളുടെയും കുടുംബങ്ങളുടെയും ആശങ്ക പരിഹരിക്കുമെന്നും മന്ത്രി കെ.മുരളീധരൻ കേരളകൗമുദിയോട് പറഞ്ഞു.
ഇനി പദ്ധതി മുടങ്ങില്ല:
വൈദ്യുതി മന്ത്രി
പദ്ധതി സംബന്ധിച്ച് വകുപ്പുതല പ്രാഥമിക പരിശോധനകൾ നടത്തിയെന്നും ഇനി പദ്ധതി മുടങ്ങില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചു. പദ്ധതി നടപ്പാക്കുമ്പോൾ വൈദ്യുതി വകുപ്പിന് എത്ര കോടിയുടെ ചെലവ് വരുമെന്നുള്ളതുൾപ്പെടെ വിശദ പരിശോധനയ്ക്ക് നിർദ്ദേശം നൽകിയെന്നും അദ്ദേഹം പറഞ്ഞു.
കിടപ്പു രോഗികൾക്ക് സജ്ജമാക്കേണ്ട വൈദ്യുതിയിൽ പ്രവർത്തിക്കുന്ന എയർ ബെഡ്, സക്ഷൻ ഉപകരണം, ഓക്‌സിജൻ കോൺസൺട്രേറ്റർ തുടങ്ങിയവയ്ക്ക് വൈദ്യുതി സൗജന്യമാക്കിയ പദ്ധതി സംസ്ഥാനത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും മുടങ്ങിയെന്നും ഉദ്യോഗസ്ഥരുടെ അലംഭാവവും കെടുകാര്യസ്ഥതയുമാണ് കാരണമെന്നും ചൂണ്ടിക്കാട്ടി ഇന്നലെയാണ് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചത്.
വൈദ്യുതി മന്ത്രിയുമായി ഉൾപ്പെടെ വിഷയം സംസാരിക്കും. ഉടൻ
പരിഹാരമുണ്ടാകും.
- മന്ത്രി കെ.മുരളീധരൻ
ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപനമുണ്ടാകും. അടിയന്തര പ്രാധാന്യത്തോടെ വിഷയം പരിഹരിക്കും.
-മന്ത്രി സണ്ണി ജോസഫ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |