
തിരുവനന്തപുരം: ഭൂമിതരംമാറ്റത്തിലെ കാലതാമസം ഒഴിവാക്കാനും ഫീസ് ഘടന പരിഷ്കരിക്കാനും നിയമഭേദഗതിക്കുള്ള നടപടി സർക്കാർ തുടങ്ങിയിരിക്കെ, അപേക്ഷകൾ കുന്നുകൂടുന്നു. 2,80,000 ത്തിലേറെ ഓൺലൈൻ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
പ്രതിദിനം 400 നും 500 നുമിടയ്ക്ക് അപേക്ഷകളാണ് എത്തുന്നത്. 25 സെന്റ് വരെ തരംമാറ്റം ഇപ്പോൾ സൗജന്യമാണ്. ഭേദഗതി വരുമ്പോൾ ഈ പരിധി കുറഞ്ഞേക്കുമോ എന്ന ആശങ്കയുണ്ട്. അതിനാൽ അപേക്ഷകളുടെ എണ്ണം അടുത്ത ദിവസങ്ങളിൽ കൂടിയേക്കാം.സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഭൂപരിഷ്കരണ നടപടിയിൽ ഭൂമിതരംമാറ്റ വ്യവസ്ഥകളും ഉൾപ്പെടുമെന്നാണ് സൂചന.
യു.ഡി.എഫ് സർക്കാർ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി 25,000 അപേക്ഷ തീർപ്പാക്കാൻ തീരുമാനിച്ചിരുന്നു. അതുംകടന്ന് 30,612 എണ്ണം തീർപ്പാക്കിയെങ്കിലും പ്രശ്നപരിഹാരമായില്ല. കെട്ടിക്കിടക്കുന്ന അപേക്ഷകളിൽ ഏറെയും വീട് വയ്പ് ഉൾപ്പെടെയുള്ള അടിയന്തര ആവശ്യങ്ങൾക്കുള്ളതാണ്.
ഒന്നര ലക്ഷത്തോളം അപേക്ഷകൾ തീർപ്പാവാതെ കിടക്കുന്നത് കേരളകൗമുദി വാർത്തയാക്കിയതോടെയാണ് 2022 മാർച്ചിൽ റവന്യുവകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചത്.
കാർഷികാഭിവൃദ്ധി ഫണ്ട്
ഭൂമിതരംമാറ്റത്തിന് ഫീസായി ഈടാക്കുന്ന ഫണ്ട് കാർഷിക മേഖലയുടെ വളർച്ചയ്ക്ക് വിനിയോഗിക്കണമെന്നാണ് വ്യവസ്ഥ. 2018 മുതൽ ഇതുവരെ തരംമാറ്റത്തിന്റെ ഫീസ് ഇനത്തിൽ 2202 കോടിയാണ് സർക്കാരിന് ലഭിച്ചത്. കാർഷിക അഭിവൃദ്ധി ഫണ്ടിലേക്ക് നൽകിയത് 530.63 കോടി മാത്രം. നെൽകൃഷിമേഖലയുടെ വികസനം, നെല്ലുത്പാതന വർദ്ധന, പാടശേഖരങ്ങളുടെയും തണ്ണീർതടങ്ങളുടെയും സംരക്ഷണം എന്നിവയ്ക്കാണ് കാർഷികാഭിവൃദ്ധി ഫണ്ട് ഉപയോഗിക്കേണ്ടത്.
ഏറ്റവും ഒടുവിലെ കണക്ക്
7,54,000
ആകെ അപേക്ഷകൾ
4,38,331
തീർപ്പായത്
2,80,000
തീർപ്പാവേണ്ടത്
(ശേഷിക്കുന്ന അപേക്ഷകൾ പലവിധ കാരണങ്ങളാൽ മടക്കി അയച്ചതും കൂടുതൽ പരിശോധനകൾ വേണ്ടതുമാണ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |