
#നടപടികൾക്ക് ആറാഴ്ച സമയം
കൊച്ചി: വഖഫ് ബോർഡിൽ രണ്ട് മുസ്ലിം ഇതര അംഗങ്ങളുടേതടക്കം മൂന്ന് ഒഴിവുകൾ നികത്താൻ സർക്കാർ ആറാഴ്ചയ്‌ക്കകം നിയമപരമായ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഒഴിവുകൾ നികത്തുന്നതിൽ പ്രത്യേക നിർദ്ദേശം നൽകുന്നില്ലെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി.
ഒഴിവുകൾ നികത്താതെ ബോർഡിന് പ്രവർത്തിക്കാനാകുമോ എന്നതാണ് വിഷയമെന്ന് വാദത്തിനിടെ കോടതി പറഞ്ഞു.
പുതിയ നിയമപ്രകാരം വഖഫ് ബോർഡിൽ മുസ്ലിം അല്ലാത്ത രണ്ട് അംഗങ്ങളെയും ഒരു ഷിയ അംഗത്തെയും ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്യുന്ന ഹർജികളാണ് പരിഗണിച്ചത്. അസംബ്ലി ഒഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവ്വീസസ് (ആക്ട്‌സ്), ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് തുടങ്ങിയവരാണ് ഹർജിക്കാർ.
വിഷയം സുപ്രീം കോടതി പരിഗണിക്കുന്നതിനാൽ സാവകാശം വേണമെന്ന് അഡ്വക്കേറ്റ് ജനറൽ ജാജു ബാബു വിശദീകരിച്ചു.
വഖഫിൽ മുസ്ലിം ഇതര വിഭാഗങ്ങളുടെ സ്വത്തും ഉൾപ്പെടുന്നതിനാലാണ് അവരെയും ഉൾപ്പെടുത്തണമെന്ന് നിയമത്തിൽ പറയുന്നതെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
വ്യവഹാരങ്ങൾ
ചൂണ്ടിക്കാട്ടി സർക്കാർ
രണ്ട് മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തണമെന്ന വഖഫ് നിയമത്തിലെ വകുപ്പ് 14(1)നെ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീംകോടതി ഈ മാസം 25 ന് പരിഗണിക്കുകയാണെന്ന് റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നൽകിയ സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് അടക്കമുള്ള പാർട്ടികളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
മുസ്ലിം ഇതര അംഗങ്ങളില്ലാത്തതിന്റെ പേരിൽ തമിഴ്‌നാട് വഖഫ് ബോർഡിന്റെ പ്രവർത്തനം വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതും ചൂണ്ടിക്കാട്ടി. എത്ര പ്രതിനിധികളെ വീതം അനുവദിക്കണമെന്നതിന്റെ അനുപാതം നിർണയിച്ച ശേഷമേ ഷിയ അംഗങ്ങളെയടക്കം ഉൾപ്പെടുത്താനാകൂ എന്നും സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |