
അമ്പലപ്പുഴ: ഗൃഹനാഥന്റെ രക്തം വാർന്നുള്ള മരണ കാരണം
ദേശീയപാതയിലെ കുഴിയിൽ വീണ് കാലിലേറ്റ പരിക്കാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കരൂർ വാടയ്ക്കകത്ത് സതീശനാണ് (65) കഴിഞ്ഞ ദിവസം രക്തം വാർന്ന് മരിച്ചത്. കൂലിപ്പണികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ, കരൂർ ജംഗ്ഷനിലെ സർവ്വീസ് റോഡും ഹൈവെയും വേർതിരിക്കുന്ന ഡിവൈഡറിനിടയിലെ കുഴിയിൽ സതീശന്റെ കാൽ അകപ്പെട്ടു. കുഴി നിറയെ പ്ലാസ്റ്റിക്കും കുപ്പിച്ചില്ലുമായിരുന്നു. ആസ്പിരിൻ ഗുളിക സ്ഥിരമായി കഴിക്കുന്ന സതീശന്റെ കാലിലുണ്ടായ മുറിവിൽ നിന്ന് രക്തം അനിയന്ത്രിതമായി വാർന്നൊലിച്ചതോടെ അബോധാവസ്ഥയിലായി. ഈ മുറിവാണ് മരണത്തിന് കാരണമെന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് വ്യക്തമായത്. ദേശീയപാതാ നിർമ്മാണത്തിലെ അപാകതയാണ് സതീശന്റെ ജീവൻ പൊലിയാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |