ആലപ്പുഴ : പക്ഷിപ്പനിയ്ക്ക് പിന്നാലെ മുട്ട ഉത്പാദനം കൂടി കുറഞ്ഞതോടെ സംസ്ഥാനത്തെ താറാവ് കർഷകർ പ്രതിസന്ധിയിൽ. താറാവുകളുടെ തൂവൽ പൊഴിക്കൽ കാലത്തുണ്ടാകുന്ന മുട്ട ഉത്പാദനത്തിലെ കുറവും വർദ്ധിച്ച തീറ്റച്ചെലവും രോഗബാധകളുമാണ് കർഷകരെ ദുരിതത്തിലാക്കിയത്.
പക്ഷിപ്പനിയുടെ വരവോടെയാണ് താറാവ് കർഷകരുടെ ശനിദശ തുടങ്ങിയത്. പക്ഷിപ്പനി പ്രതിരോധത്തിന്റെ ഭാഗമായി താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടിവരുന്നത് കൃഷിയെയും മുട്ട ഉൽപ്പാദനത്തെയും കാര്യമായി ബാധിച്ചു. കഴിഞ്ഞ വർഷം പക്ഷിപ്പനി ബാധയിൽ കൊന്നൊടുക്കിയ താറാവുകളുടെ നഷ്ടപരിഹാരം ഇനിയുംലഭിച്ചിട്ടില്ല. കാലവർഷത്തിലുണ്ടായ കുറവും അന്തരീക്ഷ ഊഷ്മാവിലെ വർദ്ധനയും താറാവുകളെയും ബാധിച്ചിട്ടുണ്ട്. ഇരതേടാനും ശരീരോഷ്മാവ് ക്രമീകരിക്കാനും താറാവുകളെ ജലാശയങ്ങളിലും വെള്ളത്തിലും തുറന്നുവിടുകയാണ് പതിവ്. രണ്ടാംകൃഷിയ്ക്കായി പാടങ്ങൾ ഒരുക്കുകയും വിത ആരംഭിക്കാനിരിക്കുകയും ചെയ്യവേ കുട്ടനാടൻ മേഖലയിൽ താറാവുകളെ തുറന്നുവിടാൻ കഴിയുന്നില്ല.
മുട്ടകുറഞ്ഞതിന് പിന്നാലെ തീറ്റച്ചെലവുകൂടി ഉയർന്നതോടെ ഓരോദിവസവും എങ്ങനെ തള്ളിനീക്കുമെന്നറിയാതെ വിഷമത്തിലാണ് കർഷകർ. റേഷൻ കടകളിൽ നിന്നും മറ്റും വാങ്ങുന്ന അരിയും ഗോതമ്പും നൽകിയാണ് പലരും താറാവുകളെ തീറ്റിപ്പോറ്റുന്നത്. കഴിഞ്ഞ വർഷം കള്ളിംഗിന് വിധേയമാക്കിയ താറാവുകളുടെ നഷ്ടപരിഹാരമെങ്കിലും എത്രയും വേഗം ലഭ്യമാക്കണമെന്നാണ് കർഷകരുടെ ആവശ്യം. 1500 ലധികം കർഷകരുണ്ടായിരുന്ന മേഖലയിൽ ഇപ്പോൾ കഷ്ടിച്ച് 150 -200 കർഷകരാണുള്ളത്.
വഴിമുട്ടി താറാവ് വളർത്തൽ
നഷ്ടപരിഹാരം ലഭിക്കുന്നത് പക്ഷിപ്പനിയ്ക്ക് മാത്രം. അതും അപര്യാപ്തം.
പ്ളേഗുൾപ്പെടെയുള്ളപകർച്ച വ്യാധികൾ താറാവുകൾ കൂട്ടത്തോടെ ചാകുന്നതിന് കാരണമാകുന്നു.
കുട്ടനാടൻ മേഖലകളിലെ രാസവള-കീടനനാശിനി പ്രയോഗം താറാവുകൾക്ക് ഭീഷണി
താറാവ് കർഷകർക്ക് ബാങ്ക് ലോൺ ലഭ്യമല്ല. കൊള്ളപ്പലിശയിൽ മുടിയുന്നു
കള്ളിംഗ് നഷ്ടപരിഹാരം വൈകുന്നത് പലിശ ബാദ്ധ്യത കൂട്ടുമെന്ന് കർഷകർ
കള്ളിംഗിനിരയാക്കിയ
താറാവുകൾ
20,000
നഷ്ടപരിഹാരം (ഒന്നിന്)
മുട്ടയിടുന്ന താറാവിന് : ₹200
ആറുമാസത്തിൽ താഴെയുള്ളവയ്ക്ക് : ₹100
താറാവ് കൃഷി വൻനഷ്ടത്തിലാണ് . തൂവൽ പൊഴിക്കൽ കാരണം മുട്ടയിലുണ്ടാകുന്ന കുറവാണ് ഇപ്പോഴത്തെ പ്രതിസന്ധി. കള്ളിംഗ് നഷ്ടപരിഹാരം വേഗത്തിൽ അനുവദിക്കണം
-അഡ്വ.ബി.രാജശേഖരൻ, ഐക്യ താറാവ് കർഷക സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |