SignIn
Kerala Kaumudi Online
Sunday, 12 July 2026 10.52 AM IST

ഹൗസ്‌ബോട്ട് മാലിന്യ സംസ്‌ക്കരണം...................... കിയോസ്കുകൾ സ്ഥാപിച്ച് ശേഖരിക്കും, പദ്ധതി ആഗസ്റ്റ് 1 മുതൽ

ആലപ്പുഴ: ജില്ലയിലെ ഹൗസ്‌ബോട്ടുകളിൽ നിന്നും തരംതിരിച്ച ഭക്ഷണ മാലിന്യങ്ങളും പ്ളാസ്‌റ്റിക് മാലിന്യങ്ങളും കിയോസ്‌ക്കുകൾ സ്ഥാപിച്ച് ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതി ആഗസ്റ്റ് 1 മുതൽ ആരംഭിക്കും. കളക്‌ടർ ഷാജി.വി.നായരുടെ അദ്ധ്യക്ഷതയിൽ കളക്‌ട്രേറ്റിൽ ചേർന്ന ജനപ്രതിനിധികളുടേയും, ഹൗസ്‌ബോട്ട് ഉടമാ സംഘടനകളുടെയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം.

നിലവിൽ 2019 മുതൽ സ്വകാര്യ ഏജൻസി മുഖാന്തിരം ആലപ്പുഴ പുന്നമട ഹൗസ്‌ ബോട്ട് ടെർമിനലിൽ നിന്നും ബോട്ടുകളിലെ ജൈവ ,അജൈവ മാലിന്യം നീക്കം ചെയ്‌ത് വരുന്നത് ഡി.ടി.പി.സിയാണ്‌. ഇതിന്‌ ഹൗസ്‌ബോട്ടുകൾ യൂസർ ഫീ നൽകിയിരുന്നില്ല. പുതിയ പദ്ധതി പ്രകാരം മാലിന്യ ശേഖരണം കൂടുതൽ കേന്ദ്രങ്ങളിൽ നടത്തും. ഹൗസ്‌ബോട്ടുകളിൽ നിന്ന് വാർഷിക യൂസർ ഫീസ് ഈടാക്കും.

ജില്ലയിൽ സർവ്വീസ് നടത്തുന്ന എല്ലാ ഹൗസ്‌ബോട്ടുകളും വാർഷിക യൂസർ ഫീസ് ഈമാസം 31 ന്‌ മുമ്പ് ഡി.ടി.പി.സി യിൽ മുൻകൂറായി അടച്ച് കരാർ ഒപ്പുവയ്‌ക്കണം. മാലിന്യ ശേഖരണ പദ്ധതിയിൽ കരാർ ഒപ്പുവെയ്‌ക്കാത്ത ഹൗസ്‌ ബോട്ടുകൾ ആലപ്പുഴയിൽ സർവീസ് നടത്താൻ അനുവദിക്കില്ല. കൃത്യമായി മാലിന്യം കൈമാറുന്നവർക്ക് എല്ലാ മാസവും ഡി.ടി.പി.സി സർട്ടിഫീക്കറ്റ് നൽകും. ഡി.ടി.പി.സിയുടെ സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന ഹൗസ്‌ബോട്ടുകൾക്ക് മാത്രമേ മലിനീകരണ നിയന്ത്രണബോർഡിന്റെ സർട്ടിഫിക്കറ്റ്, തുറമുഖ വകുപ്പിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ആഗസ്റ്റ് ഒന്ന് മുതൽ ലഭിക്കുകയുള്ളൂ.

വാർഷിക യൂസർ ഫീസ് (രൂപയിൽ)

രണ്ട് ബെഡ്‌റൂം വരെയുള്ള ഹൗസ്‌ബോട്ടുകൾക്ക് : 8,260

മൂന്ന് മുതൽ അഞ്ച് ബെഡ്‌റൂം - 17,700

ആറ് മുതൽ പത്ത് ബെഡ്‌റൂം - 35,400

പത്തിൽ കൂടുതൽ ബെഡ്‌റൂം- 53,100

മാലിന്യ ശേഖരണ കിയോസ്‌സുകൾ

 പുന്നമട സ്‌റ്റാർട്ടിംഗ് പോയിന്റ്

 ഫിനിഷിംഗ് പോയിന്റ്

 പുന്നമട തട്ടുങ്കൽ

 പുന്നമട മല്ലൻ ഡോക്ക്

 ചുങ്കം പള്ളാത്തുരുത്തി

 പള്ളാത്തുരുത്തി ടെർമിനൽ

മാലിന്യശേഖരണം

എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 11 മണി വരെയും വൈകുന്നേരം 5 മണി മുതൽ 7 മണി വരെയും സ്വകാര്യ ഏജൻസി വഴി ഡി.ടി.പി.സി മാലിന്യ ശേഖരണം നടത്തും. തിനായുള്ള സ്വകാര്യ ഏജൻസിയെ താത്പര്യപത്രം ക്ഷണിച്ച് ഡി.ടി.പി.സി തിരഞ്ഞെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL