SignIn
Kerala Kaumudi Online
Wednesday, 26 August 2026 2.49 AM IST

ഓണം പൊന്നോണം

ആലപ്പുഴ: മഴമുന്നറിയിപ്പിന്റെ ആശങ്കകൾക്കിടയിലും ആവേശത്തോടെ ഓണത്തെ വരവേറ്റ് നാടും നഗരവും. ചന്നംചിന്നം പെയ്ത മഴയെ അവഗണിച്ചുള്ള ഉത്രാടപ്പാച്ചിലിനൊടുവിൽ ഇന്ന് തിരുവോണം. ഓണസദ്യയൊരുക്കാനും ആഘോഷങ്ങൾക്കുമുള്ള തിരക്കിലാണ് നാടെങ്ങും. ഓണസദ്യയ്ക്കുള്ള വിഭവങ്ങൾക്കും ഓണക്കോടി വാങ്ങാനുമുള്ള പരക്കം പാച്ചിലാണ് ഉത്രാടദിനത്തിൽ ദൃശ്യമായത്.

നഗരങ്ങളിലും പ്രധാന ടൗണുകളിലും വഴിയോര വാണിഭ കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പൂക്കളങ്ങൾക്കുള്ള പൂവിപണിയിലാണ് ഓണത്തിന്റെ വലിയ തിരക്ക് അനുഭവപ്പെട്ടത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് വിവിധ വർണങ്ങളിലുള്ള ലോഡ് കണക്കിന് പൂക്കളാണ് ഉത്രാടദിനത്തിൽ കടകളിലെത്തിയത്. ഡിമാന്റ് കൂടിയതോടെ പൂക്കളുടെ വിലയും ഉയർന്നു. സർക്കാർ സ്ഥാപനങ്ങളും വിദ്യാലയങ്ങളും ഓണ അവധിയിലായതോടെ വീടുകളിലും ക്ളബ്ബുകളിലും റസിഡന്റ് അസോസിയേഷനുകളിലും ഓണപ്പൂക്കളങ്ങളൊരുക്കാൻ മത്സരിക്കുന്ന കാഴ്ചയാണ് നാടെങ്ങും കാണാനായത്. പരിപ്പും പപ്പടവും പ്രഥമനുമുൾപ്പെട്ട ഓണസദ്യയുടെ തിരക്കിലാണ് വീട്ടമ്മമാർ. ഇൻസ്റ്റന്റ് ഓണ സദ്യയുമായി കാറ്ററിംഗ് സർവീസുകളും ഹോട്ടലുകളും ഓണം കെങ്കേമമാക്കാനുള്ള തത്രപ്പാടിലാണ്. ഉത്രാട ദിനത്തിൽ സപ്ളൈകോ ജില്ലാഫെയറിലുൾപ്പെടെ ഓണത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ഇന്നലെ വൈകുന്നേരവും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പൊതുവിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ സബ്സിഡി സാധനങ്ങൾ വാങ്ങാനെത്തിയവരുടെ നീണ്ട നിരയാണ് കാണാനായത്. പച്ചക്കറികൾക്കും ആവശ്യസാധനങ്ങൾക്കുമുണ്ടായ വില വർധന സാധാരണക്കാരുടെ ഓണാഘോഷത്തെ സാരമായി ബാധിച്ചു. ഓണക്കാലത്തെ വിലവർധന പിടിച്ചുനിർത്താൻ സർക്കാരിന് സാധിക്കാതെ പോയതോടെ അരി ഉൾപ്പെടെയുള്ള ആവശ്യസാധനങ്ങൾക്ക് വില ഉയർന്നു. പച്ചക്കറികൾക്കും പഴവർഗങ്ങൾക്കും തീവിലയാണ്. വെളിച്ചെണ്ണയ്ക്ക് ഒറ്റയടിക്ക് 50 രൂപയിലധികം വർധിച്ചു. പഞ്ചസാരയുടെ വിലയിലും വൻ വർധനവാണുള്ളത്.വിലക്കയറ്റത്തിൽ നിന്ന് രക്ഷനേടാൻ ഹോർട്ടികോർപ്പിന്റേതുൾപ്പെടെ പച്ചക്കറി വ്യാപാര കേന്ദ്രങ്ങളിലും വിലയ തിരക്കാണ് അനുഭവപ്പെട്ടത്. തുണിക്കടകളായിരുന്നു ഉത്രാട ദിനത്തിൽ കച്ചവടം പൊടിപൊടിച്ച മറ്രൊരു കേന്ദ്രം. ഓണാഘോഷത്തോടനുബന്ധിച്ച് വിദേശമദ്യ വിൽപ്പന ശാലകളിലും പൂരാട, ഉത്രാട ദിനങ്ങളിൽ റിക്കാർഡ് കച്ചവടമാണുണ്ടായത്. അരക്കോടിയ്ക്ക് അടുത്താണ് നഗരത്തിലെ വിദേശ മദ്യവിൽപ്പനശാലകളിലെ ഉത്രാട ദിന വിറ്റുവരവ്.

കുടുംബ ബ‌ഡ്ജറ്റ് തകർക്കുന്ന വിലക്കയറ്റത്തിനിടയിലും ഓണം കെങ്കേമമാക്കാനുള്ള നെട്ടോട്ടത്തിൽ മഴ മുന്നറിയിപ്പുകളാണ് മലയാളികളെ ആശങ്കയിലാക്കുന്നത്. ഓണസദ്യയ്ക്ക് ശേഷം

ഓണപരിപാടികളും വിരുന്നുമൊക്കെയായി ആഘോഷം അടിച്ചുപൊളിക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ആഘോഷങ്ങളുടെ നിറം കെടുത്തി മഴയുടെ വരവ്. ഉത്രാട ദിനത്തിൽ അങ്ങിങ്ങായി പെയ്ത ഇടവിട്ട മഴ കച്ചവടക്കാരെ ബുദ്ധിമുട്ടിലാക്കി. തിരുവോണ ദിവസമായ ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL