SignIn
Kerala Kaumudi Online
Saturday, 30 May 2026 5.49 PM IST

ഹൈടെക്കാണ് ഈ ഭിന്നശേഷി കുട്ടികൾ

day4

കൊച്ചി: 'പകൽക്കിനാവി"ലെ ഭിന്നശേഷിക്കാർ സോപ്പും പേപ്പർ ബാഗുമല്ല നിർമ്മിക്കുന്നത്, ഇലക്ട്രോണിക് ഉപകരണങ്ങൾ, മൊബൈൽ ആപ്പുകൾ തുടങ്ങിയവയാണ്! ഡൗൺസിൻഡ്രോം, ഓട്ടിസം, ഭിന്നശേഷി എന്നിവയുള്ളവരെ ചേർത്തുനിറുത്തുന്ന കൂട്ടായ്‌മയാണ് ഇടപ്പള്ളിയിലെ ഡേ ഡ്രീംസ്.

റേഡിയോ, പവർ ബാങ്ക്, മാഗ്നറ്റുകൾ, ജെല്ലുകൾ തുടങ്ങിയവയും നിർമ്മിക്കാറുണ്ട് ഇവിടത്തെ കുട്ടികൾ.

ഇപ്പോൾ ഡോക്‌ടർമാരുടെ അഭിമുഖം ചിത്രീകരിച്ച് ബോധവത്കരണ വീഡിയോ റീലുകൾ ഇറക്കുന്ന ദൗത്യത്തിലാണ്. അഭിമുഖം, ഷൂട്ടിംഗ്, എഡിറ്റിംഗ് തുടങ്ങിയവയെല്ലാം ഇവർ ചെയ്യും.

ഭിന്നശേഷിക്കാരെ സ്വന്തം കാലിൽ നിൽക്കാൻ പര്യാപ്തമാക്കലും സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കലുമാണ് ഡേ ഡ്രീംസിന്റെ ദൗത്യം. വിവിധ മേഖലകളിലെ വിദഗ്ദ്ധരും സന്നദ്ധപ്രവത്തകരുമാണ് പിന്നണിയിൽ.

മറവിരോഗക്കാരുടെയും മറ്റും വ്യക്തിഗതവിവരങ്ങൾ ചിപ്പിലാക്കിയ ലോക്കറ്റ്, കൈ ചെയിൻ എന്നിവ ഇവർ നിർമ്മിച്ചിരുന്നു. വഴിതെറ്റിപ്പോയാൽ വീട്ടുകാരെ ബന്ധപ്പെടാൻ സഹായിക്കുന്ന കവച് എന്ന ഉപകരണമാണിത്. പ്രോഗ്രാമിംഗ് ഉൾപ്പെടെ കുട്ടികൾ ചെയ്‌തു. ഇവയിൽ തൊട്ടാൽ ചിപ്പിലെ വിവരങ്ങൾ മൊബൈൽ ഫോണിൽ ലഭിക്കും.

ബോധവത്കരണ റീലുകൾ തയ്യാറാക്കാൻ സിനിമാ സംവിധായകൻ സജിമോൻ പ്രഭാകൻ, ഛായാഗ്രഹകൻ സബിൻ ഉൗരാളിക്കണ്ടി എന്നിവരാണ് പരിശീലനം നൽകിയത്. 250 റീലുകൾ തയ്യാറാക്കുമെന്ന് ഡേ ഡ്രീംസ് മുഖ്യരക്ഷാധികാരി ബിജീഷ് കണ്ണാംകുളത്ത് പറഞ്ഞു.

ബാങ്കിടപാട്, പണമിടപാട്, ബസ് യാത്ര എന്നിവ തനിയെ ചെയ്യാനും പരിശീലിപ്പിക്കുന്നു. സമ്മേളനങ്ങൾക്ക് ബാഡ്‌ജ്, ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്‌ത് പ്രവേശനം തുടങ്ങിയ ഇവന്റ് മാനേജ്മെന്റുകളും ഡേ ഡ്രീംസ് ചെയ്‌തിട്ടുണ്ട്.

2015ലാണ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സൗജന്യ പരിശീലനത്തിന് ഡേ ഡ്രീംസ് ആരംഭിച്ചത്. ഉത്പന്നങ്ങൾ വിറ്റുകിട്ടുന്ന തുക കുട്ടികൾക്ക് നൽകും.

ക്യാമറ കൈകാര്യം ചെയ്ത് റീലുകൾ നിർമ്മിക്കാൻ കഴിവുള്ളവർ ഇവരിലുണ്ട്.

സബിൻ ഉൗരാളിക്കണ്ടി

ഛായാഗ്രഹകൻ

ഡേ ഡ്രീംസിൽ എത്തിയശേഷം വലിയ മാറ്റം കുട്ടിക്കുണ്ടായി. ആത്മവിശ്വാസം വർദ്ധിച്ചു. സാധാരണപോലെ കാര്യങ്ങൾ ചെയ്യുന്നുണ്ട്.

സ്‌മിത സജിത്

രക്ഷിതാവ്

ഡൗൺസിൻഡ്രോം, ഓട്ടിസം അവസ്ഥയിലുള്ളവർ മറ്റുള്ളവരെക്കാൾ കഴിവുള്ളവരാണ്. അവരെ കൂടുതൽ ചേർത്തുപിടിക്കണം.

ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL