
കൊച്ചി: കളമശേരി സെന്റ് പോൾസ് ഇന്റർനാഷണൽ സ്‌കൂളിലെ കുട്ടികൾക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ചതിനു പിന്നാലെ ആശങ്കയേറുകയാണ്. എന്നാൽ മസ്തിഷ്‌ക ജ്വരത്തെ കരുതലോടെ സമീപിക്കണമെങ്കിലും എൻഡറോ വൈറസിനെ ഭയക്കേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
മസ്തിഷ്‌ക ജ്വരം രണ്ടു തരത്തിലാണുള്ളത്. തലച്ചോറിന്റെ ആവരണത്തിന് ചുറ്റുമുണ്ടാകുന്ന മെനിഞ്ചൈറ്റിസും തലച്ചോറിനുള്ളിൽ അണുബാധയുണ്ടാക്കുന്ന എൻകെഫലൈറ്റസും. എൻകെഫലൈറ്റസ് ഗുരുതരമാണ്.
സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടനുസരിച്ച് കളമശേരിയിലേത് എൻഡറോ വൈറസ് ബാധയെന്നാണ് വിവരം.
രോഗകാരിയായ അനേകം വൈറസുകളിൽ ഒന്നു മാത്രമാണിത്. ദഹനവുമായി ബന്ധപ്പെട്ടതാണ് എൻഡറോ വൈറസ്. കുടലിലാണ് ആദ്യം അണുബാധയുണ്ടാകുക. ആവരണമില്ലാത്ത (നോൺ എൻവലപ്ഡ്) തരം വൈറസാണിതെന്നതിനാൽ നശിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ഏറെക്കാലം പ്രതലങ്ങളിലും ജലത്തിലും മറ്റും സജീവമായി നിൽക്കും.
എൻഡറോ വൈറസ് അണുബാധയുള്ളവർക്കെല്ലാം ഗുരുതര മസ്തിഷ്‌ക ജ്വരമുണ്ടാകില്ല. നൂറിൽ 90പേരിലും നിസാര പ്രശ്നങ്ങളും 10 പേർക്ക് ജലദോഷമോ ദഹന പ്രശ്നങ്ങളോ ചർമത്തിൽ ചെറിയ കുമിളകളോ മാത്രവുമാണുണ്ടാകുക. ഒരു ശതമാനത്തിൽ താഴെ ആളുകളിൽ മാത്രമേ തലച്ചോറിന്റെ ആവരണത്തെ ബാധിക്കൂ. പനി, തലവേദന, ഛർദ്ദി, വെളിച്ചത്തിലേക്ക് നോക്കാൻ ബുദ്ധിമുട്ട് (ഫോട്ടോഫോബിയ) എന്നിവയാണ് ലക്ഷണങ്ങൾ.
മസ്തിഷ്‌ക ജ്വരം വന്നാൽ
ചെറിയ കുട്ടികളിലാണ് മസ്തിഷ്‌ക ജ്വരം കൂടുതലായുള്ളത്. ഏറിയ പങ്കും വൈറൽ മെനഞ്ചൈറ്റസും. ബാക്ടീരിയ മൂലമുണ്ടാകുന്ന മസ്തിഷ്‌ക ജ്വരം പോലെ ഗുരുതരമല്ല വൈറൽ മെനിഞ്ചൈറ്റിസ്. വേഗത്തിൽ ഭേദപ്പെടുമെങ്കിലും വിദഗ്ദ്ധ ചികിത്സ കൂടിയേ തീരൂ.
പകരുന്നത്
നേരിട്ടുള്ള സമ്പർക്കം
സ്പർശനം
തുമ്മൽ/ ചുമ
രോഗി ഉപയോഗിച്ച വസ്തുക്കൾ കൈമാറി ഉപയോഗിക്കുന്നതിലൂടെ
ശ്രദ്ധിക്കാൻ
പനിയുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്
ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം
മുഖം മറച്ചു മാത്രം ചുമയ്ക്കുക, തുമ്മുക
രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുള്ള വസ്തുക്കളുടെ, പ്രതലങ്ങളുടെ ശുചീകരണം
കളമശ്ശേരിയിലേത് എൻഡറോ വൈറസ് മൂലമുള്ള മസ്തിഷ്‌ക ജ്വരമെന്നാണ് (വൈറൽ മെനഞ്ചൈറ്റസ്) നിലവിൽ മനസിലാക്കുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ല.ഡോ. രാജീവ് ജയദേവൻ
റിസർച്ച് സെൽ കൺവീനർ
ഐ.എം.എ, കേരള
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |