
കോലഞ്ചേരി: വോട്ട് ചോദിക്കാൻ സ്ഥാനാർത്ഥികൾ വീട്ടിലെത്തേണ്ടതില്ലെന്നും ഫോണിലെത്തിയാൽ മതിയെന്നുമുള്ള നിലപാടിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണരംഗം വഴിമാറുന്നു. ഞായറാഴ്ച അവധി ദിനമായിട്ടും സ്ഥാനാർത്ഥികളുടെ പതിവ് ഭവനസന്ദർശനം ഇത്തവണ സജീവമായില്ല. പകരം പ്രസംഗങ്ങൾ തയ്യാറാക്കുന്നതിനും വീഡിയോ ചിത്രീകരണങ്ങൾക്കുമാണ് പലരും സമയം കണ്ടെത്തിയത്.
വീടുകൾ കയറിയിറങ്ങിയുള്ള വോട്ട് ചോദിക്കലിനോട് വോട്ടർമാർ മടുപ്പ് പ്രകടിപ്പിക്കുന്നുണ്ടെന്നാണ് സ്ഥാനാർത്ഥികളുടെ വിലയിരുത്തൽ. നേരിട്ടുള്ള സന്ദർശനത്തിന് പകരം വാട്സ്ആപ്പ് സന്ദേശങ്ങളിലൂടെയുള്ള പ്രചാരണത്തിനാണ് ഇപ്പോൾ മുൻഗണന. നമ്പറുകൾ കണ്ടെത്താൻ മണ്ഡലത്തിലെ വിവിധ വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരുടെ സഹായവും തേടിയിട്ടുണ്ടത്രെ. അഡ്മിനായ ശേഷം കിട്ടുന്ന അംഗീകാരത്തിന് പണം മേടിച്ചവരും കുറവല്ല.
പൊതുയോഗവും വെർച്വൽ
കൊവിഡ് കാലത്ത് ആരംഭിച്ച ഡിജിറ്റൽ പ്രചാരണം ഇപ്പോൾ പൂർണരൂപം കൈവരിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥികളുടെ പ്രസംഗങ്ങൾ, അഭ്യർത്ഥനകൾ, ലഘു വീഡിയോകൾ എന്നിവ നേരിട്ട് വോട്ടർമാരുടെ ഫോണുകളിലേക്ക് എത്തുന്നു. ജാഥകളും പൊതുയോഗങ്ങളും വെർച്വൽ മീറ്റിംഗുകളായി മാറുകയാണ്. ഡിജിറ്റൽ പ്രചാരണ രംഗത്ത് യുവാക്കൾക്കാണ് അവസരം ലഭിക്കുന്നത്. വാട്സ്ആപ്പ് ഗ്രൂപ്പുകൾ, ഫേസ്ബുക്ക് ക്യാമ്പയിൻ, വെർച്വൽ സ്റ്റുഡിയോ ഷൂട്ടുകൾ എന്നിവ കേന്ദ്രീകരിച്ച് പുതിയൊരു തൊഴിൽ മേഖല തന്നെ രൂപപ്പെട്ടു. കാശു ചെലവുണ്ടെങ്കിലും പണി കുറവാണെന്നതിനാൽ രാഷ്ട്രീയപാർട്ടികളെല്ലാം ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്
ഡിജിറ്റൽ പ്രചാരണത്തിനായി 10,000 മുതൽ 40,000 രൂപ വരെയുള്ള പാക്കേജുകളാണ് നിലവിലുള്ളത്. ഗ്രാഫിക് ഡിസൈനർമാർ, ക്യാമറാമാന്മാർ, ആനിമേറ്റർമാർ എന്നിവരടങ്ങുന്ന സംഘം പിന്നിൽ പ്രവർത്തിക്കുന്നു.
സ്ഥാനാർത്ഥികളുടെ പ്രസംഗങ്ങൾ ആകർഷകമായ സംഗീതവും ഗ്രാഫിക്സും ചേർത്ത് എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ എത്തിക്കുന്നു. സാധാരണ പ്രസംഗങ്ങളെപ്പോലും വൈറലാക്കാൻ സാങ്കേതിക വിദ്യകൾ സഹായിക്കുന്നു.
മണ്ഡലത്തിലെ വോട്ടർമാരുടെ മൊബൈൽ നമ്പറുകൾ പല വഴികളിലായി സ്ഥാനാർത്ഥികളോ മറ്റ് ഏജന്റുമാരോ കണ്ടെത്തി. നമ്പറുകളുടെ ഡാറ്റ എൻട്രി പൂർത്തിയായ ശേഷം ഒറ്റ ക്ലിക്കിൽ വിവരങ്ങൾ ലക്ഷങ്ങളിലേക്ക് എത്തുന്ന സംവിധാനമാണ് പലരും ഒരുക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |