
കൊച്ചി: ആർക്കൊപ്പവും സ്ഥിരമായി നിൽക്കാത്ത ചരിത്രമുള്ള പെരുമ്പാവൂരിൽ ഇത്തവണ നടക്കാനിരിക്കുന്നത് ശക്തമായ ത്രികോണമത്സരം. സിറ്റിംഗ് സീറ്റ് നിലനിറുത്താൻ യു.ഡി.എഫും അടവുനയത്തിലൂടെ മണ്ഡലം തിരിച്ചുപിടിക്കാൻ ഇടതുമുന്നണിയും ട്വന്റി20 സംഖ്യത്തിന്റെ കരുത്തുകാട്ടാൻ എൻ.ഡി.എയും തമ്മിൽ തീപാറുന്ന പോരാട്ടത്തിൽ.
മണ്ഡലത്തിന്റെ ചരിത്രത്തിൽ ഇന്നോളം കോൺഗ്രസ്, അല്ലെങ്കിൽ കമ്യൂണിസ്റ്റ് (സി.പി.ഐ, സി.പി.എം). അതിനപ്പുറം ആരെയും വരിക്കാത്ത മാനസമാണ് പെരുമ്പാവൂരിന്റേത്. കേരളകോൺഗ്രസും ജനതാദളുമൊക്കെ മത്സരിച്ചിരുന്നെങ്കിലും ഏശിയിരുന്നില്ല.
കോൺഗ്രസിന് തുടർച്ചയായി 4 തവണയും സി.പി.എമ്മിന് ഹാട്രിക് വിജയവും സമ്മാനിച്ചിട്ടുണ്ട്. 1957ലെ ആദ്യ കേരളനിയമസഭയിൽ കമ്മ്യൂണിസ്റ്റ് താത്വികാചാര്യനായിരുന്ന പി.ഗോവിന്ദപിള്ളയാണ് പെരുമ്പാവൂരിനെ പ്രതിനിധീകരിച്ചത്. 60ൽ കെ.ജി.പിയെ തള്ളി കോൺഗ്രസിലെ കെ.എം. ചാക്കോയെ വരിച്ചു. 65ൽ മണ്ഡലം തിരിച്ചുപിടിച്ച ഗോവിന്ദപിള്ള, 67ലും വിജയം ആവർത്തിച്ചു. 1970ൽ പി.ഐ. പൗലോസിലൂടെ കോൺഗ്രസ് തിരിച്ചുപിടിച്ചു. 77ലും 80ലും സി.പി.എമ്മിലെ പി.ആർ. ശിവൻ ചെങ്കൊടി പാറിച്ചെങ്കിൽ 1982 മുതൽ 1996വരെ തുടർച്ചയായ നാല് തവണ കോൺഗ്രസ് കരുത്തൻ പി.പി.തങ്കച്ചൻ പെരുമ്പാവൂരിന്റെ സമ്മതിദാനം കൈയ്യടക്കി. 2001ൽ 1188 വോട്ടിന് പി.പിയെ തറപറ്റിച്ച് മണ്ഡലം പിടിച്ചെടുത്ത സാജുപോൾ തുടർച്ചയായി മൂന്നുതവണ വിജയിച്ചാണ് പകരം വീട്ടിയത്. 2016ൽ കോൺഗ്രസിന്റെ യുവരക്തം എൽദോസ് കുന്നപ്പിള്ളിയിലൂടെ യു.ഡി.എഫ് മണ്ഡലം തിരിച്ചുപിടിച്ചു.
മുറുമുറുപ്പ് വോട്ട് മറിക്കുമോ?
മൂന്നാമൂഴത്തിനുള്ള പോരാട്ടത്തിൽ സീറ്റ് നിഷേധിച്ചതിലുള്ള പ്രതിഷേധവുമായി സിറ്റിംഗ് എം.എൽ.എ എൽദോസ് കുന്നപ്പിള്ളി വിമതശബ്ദം മുഴക്കിയതും മുൻപ് കോൺഗ്രസിനൊപ്പമായിരുന്ന രണ്ടുപേർ എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളായി മത്സരിക്കുന്നതും പെരുമ്പാവൂരിൽ നിർണ്ണായകമാണ്. എൽദോസ് പരിഭവം മാറ്റിവച്ച് യു.ഡി.എഫ് പ്രചാരണത്തിൽ സജീവമായെങ്കിലും സമുദായ സമവാക്യങ്ങൾ വിധിയെഴുതുന്ന രാഷ്ട്രീയഗോദയിൽ വിധി എന്താകുമെന്നത് പ്രവചനാതീതമാണ്.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൂന്നും നാലും സ്ഥാനങ്ങൾ പങ്കിട്ട ട്വിന്റി20യും ബി.ജെ.പിയും ഇത്തവണ ഒരു പാളയത്തിലാണ്. ജിബി പാത്തിക്കലാണ് അവരുടെ സ്ഥാനാർത്ഥി. മാറിയ രാഷ്ട്രീയ സാഹചര്യത്തോട് ട്വിന്റി20 അനുഭാവികൾക്കിടയിൽ വ്യത്യസ്ത നിലാപാടുകളുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയിൽ കഴിവുതെളിയിച്ച മനോജ് മൂത്തേടന്റെ മണ്ഡലത്തിലെ ജനസമ്മിതിയും സ്വാധീനവും അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
കോൺഗ്രസ് വിട്ട് കേരളകോൺഗ്രസിലെത്തിയ ബേസിൽ പോളാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. വർഷങ്ങളായി പാർട്ടിക്കൊപ്പം നിൽക്കുന്നവരെ തഴഞ്ഞ് കോൺഗ്രസിൽ നിന്ന് കൂറുമാറിവന്നയാളെ സ്ഥാനാർത്ഥിയാക്കിയതിൽ കേരളകോൺഗ്രസിനുള്ളിലും മുറുമുറുപ്പുണ്ട്.
2021ലെ വോട്ടുനില
യു.ഡി.എഫ്............... 53484
എൽ.ഡി.എഫ്............50585
ട്വന്റി20..........................20536
ബി.ജെ.പി...................15135
എസ്.ഡി.പി.ഐ.........2494
വെൽഫെയർ പാർട്ടി..1038
സ്വതന്ത്രൻ.....................196
നോട്ട...............................703
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |