
കൊച്ചി: മീനച്ചൂടിനെയും വെല്ലുന്നതാണ് തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിന്റെ പ്രചാരണം. ഇന്നലെ രാവിലെ എട്ടിന് മണ്ഡലത്തിലിറങ്ങിയ സ്ഥാനാർത്ഥി തിരികെ വീടണഞ്ഞത് രാത്രി പത്തിന്. ഉച്ചഭക്ഷണശേഷം മൂന്നു മണിക്കൂർ മാത്രമാണ് വിശ്രമം. പി.ടി. തോമസിന്റെ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന വാശിക്ക് ഒരു കുറവുമില്ല. പാർട്ടി അണികളും കക്ഷിഭേദമെന്യേ വോട്ടർമാരും ഉമയെ സ്നേഹപൂർവം സ്വീകരിക്കുന്നുണ്ട്.
വെണ്ണല മണ്ഡലത്തിലായിരുന്നു ഇന്നലെ പര്യടനം. രാവിലെ എട്ടിന് ഇടപ്പള്ളി ഒബ്റോൺ മാളിന് സമീപത്ത് നിന്ന് തുടങ്ങിയ പ്രചാരണം കെ.പി.സി.സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. കുറച്ചുവാക്കുകളിൽ സംസാരം. കൈ കൂപ്പി ചിരിച്ച് അഞ്ചോ പത്തോ മിനിറ്റ് ഇടപഴകി അടുത്ത പോയിന്റിലേക്ക്.... ആലിൻചുവടിലും വെണ്ണല ജംഗ്ഷനിലും അറക്കക്കടവിലും കൂടുതൽ സമയം ചെലവഴിച്ചു.
ഇടതു സ്ഥാനാർത്ഥി അഡ്വ. പുഷ്പാദാസും എൻ.ഡി.എയിലെ അഖിൽ മാരാരും ശക്തമായ മത്സരവുമായി രംഗത്തുണ്ട്. 2024 ഡിസംബറിൽ കലൂർ സ്റ്റേഡിയത്തിലെ മൃദംഗനാദം നൃത്തപരിപാടിക്കിടെ സ്റ്റേജിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ശേഷം ആദ്യമായാണ് തുടർച്ചയായി മണ്ഡലത്തിൽ ഉമ തോമസ് സഞ്ചരിക്കുന്നത്. ഒരു മാസത്തിലേറെ ആശുപത്രിയിലായിരുന്നെങ്കിലും ആ പരിക്കിന്റെ സൂചന പോലും ഇപ്പോൾ ഉമയിലില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |