
കൊച്ചി: പരസ്യപ്രചാരണത്തിന് രണ്ട് ദിവസം ബാക്കി നിൽക്കെ പരമാവധി വോട്ടർമാരെ നേരിൽക്കണ്ട് പിന്തുണ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികളും മുന്നണികളും. നാളത്തെ കലാശക്കൊട്ടും കഴിഞ്ഞ് വോട്ടെടുപ്പിന് വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. കടുത്ത ചൂടും പാചകവാതക പ്രതിസന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിച്ചെങ്കിലും അടിത്തട്ടിൽ ആവേശച്ചൂടിന് കുറവില്ല. ഫിനിഷിംഗ് പോയിന്റിലെ അവസാന ലാപ്പിലെ കുതിപ്പിൽ മത്സരാർത്ഥികൾക്ക് ഇനിയുള്ള മണിക്കൂറുകൾ നിർണായകം.
വേനൽച്ചൂട് കണക്കിലെടുത്ത് കഴിഞ്ഞദിവസങ്ങളിൽ രാവിലെയും വൈകിട്ടുമുള്ള ഭവനസന്ദർശനങ്ങൾക്കായിരുന്നു മുൻതൂക്കം. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ പരസ്യപ്രചാരണങ്ങൾ പലയിടത്തും ഒഴിവാക്കി. വോട്ടെടുപ്പിന് മുമ്പത്തെ അവസാന ഞായറാഴ്ചയായ ഇന്നലെ മെഗാ സ്ക്വാഡുകൾ വീടുകളിലെത്തി. വോട്ടർ സ്ലിപ്പ് വിതരണം നടക്കുകയാണ്, ഇത്തവണ ബി.എൽ.ഒമാർ വീടുകളിലെത്തി സ്ലിപ്പുകൾ നൽകുന്നു. വോട്ടെടുപ്പ് ദിവസം പരമാവധി അനുഭാവികളെ ബൂത്തുകളിൽ എത്തിക്കുന്നതിനാണ് മുന്നണികൾ ശ്രദ്ധ ചെലുത്തുന്നത്. ഒപ്പത്തിനൊപ്പം പോരാടുന്ന മണ്ഡലങ്ങളിൽ കഴിയുന്നത്ര വോട്ട് സമാഹരിക്കുന്നത് വിജയപരാജയങ്ങളെ സ്വാധീനിക്കും.
ബി.ജെ.പിയും യു.ഡി.എഫും മണ്ഡലങ്ങളിൽ റോഡ്ഷോകളുമായി മുന്നിലുണ്ട്. എൽ.ഡി.എഫ് പോഷകസംഘടനകളുടെ നേതൃത്വത്തിൽ ബൈക്ക്റാലികൾ, യുവജനറാലികൾ നടത്തി. എൻ.ഡി.എ, യു.ഡി.എഫ് മുന്നണികളുടെ ദേശീയനേതാക്കൾ ജില്ലയിൽ പര്യടനത്തിനെത്തി.
മന്ത്രി കെ. രാജീവ് മത്സരിക്കുന്ന കളമശേരിയും പ്രതിപക്ഷ നേതാവ് മത്സരിക്കുന്ന വടക്കൻ പറവൂരും ജില്ലയിലെ സ്റ്റാർ മണ്ഡലങ്ങളെന്ന് വിശേഷിപ്പിക്കാം. രണ്ടിടത്തും സീറ്റുകൾ നിലനിറുത്താനാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. എൻ.ഡി.എ മുന്നണിയുടെ ഭാഗമായി ട്വന്റി 20 ജില്ലയിലെ 9 മണ്ഡലങ്ങളിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |