
ഉദ്ഘാടനം 28ന്
ഉദയംപേരൂർ: തരിശായി കിടന്നിരുന്ന പാടത്തെ പച്ചപ്പണിയിച്ച കലാകാരന് നാടിന്റെ ആദരം. പുന്നച്ചാൽ പാടശേഖരം ഇന്ന് ജൈവകൃഷിയുടെ പച്ചപ്പിൽ പുതുജീവൻ കൈവരിച്ചിരിക്കുകയാണ്. ഒരുകാലത്ത് തരിശ് ഭൂമിയായിരുന്ന പാടശേഖരത്തെ വീണ്ടും കൃഷിയോഗ്യമാക്കി പച്ചപ്പണിയിച്ചതിൽ നടനും തിരക്കഥാകൃത്തുമായിരുന്ന ശ്രീനിവാസൻ നിർണായക പങ്കുവഹിച്ചിരുന്നു. അസുഖബാധിതനായിരുന്ന കാലത്തുപോലും പാടത്തെ കൃഷിയും സൂര്യകാന്തിപ്പൂക്കളും കാണാൻ അദ്ദേഹം എത്തിയിരുന്നു. ഇപ്പോൾ ഈ പാടശേഖരം വിവിധയിനം പച്ചക്കറികളാലും പയറുവർഗങ്ങളാലും സമൃദ്ധമാണ്. ഈ പച്ചപ്പിനിടയിൽ മണ്ണിനെ അറിഞ്ഞ ശ്രീനിവാസനോടുള്ള സ്നേഹവും ആദരവുമായാണ് അദ്ദേഹം നിർമ്മിച്ച കുളത്തിന് സമീപത്തായി ഗ്രാനൈറ്റിൽ സ്മാരകം ഒരുക്കുന്നത്. “മാനവികവാദിയായ മഹാചിന്തകൻ” എന്ന ശിലാലേഖനത്തോടെ കർഷകരായ മനു ഫിലിപ്പ്, സാജു തിലകൻ എന്നിവരും ലയൺസ് ക്ലബ് സൗത്ത് അംഗങ്ങളും ചേർന്നാണ് സ്മാരക നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. 50,000 രൂപയാണ് നിർമ്മാണച്ചെലവ്. 28ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |