
കൊച്ചി: സ്വകാര്യ ആശുപത്രികളിലെ ഉയർന്ന ചികിത്സാ ചെലവ് താങ്ങാൻ കഴിയാത്ത രോഗികൾക്ക് വലിയൊരു പ്രതീക്ഷയായി രണ്ടു മാസം മുൻപ് കെങ്കേമമായി ഉദ്ഘാടനം നടന്നിട്ടും പൂർണതോതിൽ പ്രവർത്തിക്കാനാകാതെ കൊച്ചിൻ ക്യാൻസർ റിസർച്ച് സെന്റർ. നിയമനങ്ങൾ പൂർത്തിയാകാത്തതാണ് പ്രധാന തടസം. ഒഴിഞ്ഞുകിടക്കുന്നത് 205ലേറെ തസ്തികകളാണ്.
2025 ജനുവരി 19നായിരുന്നു തസ്തിക സൃഷ്ടിക്കൽ സംബന്ധിച്ച ഉത്തരവ്. എന്നാൽ, ഫയൽ ഇപ്പോഴും ആരോഗ്യ സെക്രട്ടറിയുടെ ഓഫീസിലാണ്. സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാർ, നഴ്‌സിംഗ് സ്റ്റാഫ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള നിർണായക തസ്തികകളിലാണ് ഒഴിവുകളുള്ളത്.
ആദ്യഘട്ടത്തിലെ 31 തസ്തികകൾക്ക് നേരത്തേ അനുമതി ലഭിച്ചിരുന്നു. 161 തസ്തികകൾക്ക് 2026 ജനുവരിയിലും, 13 തസ്തികകൾക്ക് മാർച്ചിലുമാണ് അനുമതി ലഭിച്ചത്.
എറണാകുളത്തെയും സമീപ ജില്ലകളിലെയും ആയിരക്കണക്കിന് രോഗികൾക്ക് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിനെയും കോഴിക്കോട് മലബാർ ക്യാൻസർ സെന്ററിനെയും ആശ്രയിക്കേണ്ടതില്ല എന്നതാണ് ഈ കേന്ദ്രത്തിന്റെ പ്രധാന്യം. കെ.എസ്.ആർ.ടി.സിയുടെയും കൊച്ചി മെട്രോയുടെയുമെല്ലാം പ്രത്യേക സർവീസുകൾ ഇവിടേക്ക് ആരംഭിച്ചിട്ടുണ്ട്. കെ.എം.ആർ.എൽ കളമശേരിയിൽ നിന്ന് ഫീഡർ ബസ് സർവീസ് നടത്തുന്നുണ്ട്.
പ്രവർത്തനം അവതാളത്തിൽ
നിലവിൽ ഒ.പി വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ഏകദേശം എല്ലാ വിഭാഗങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറി. എന്നാൽ, പ്രത്യേക പരിശീലനം ലഭിച്ച ജീവനക്കാരുടെ കുറവ് കാരണം ഓപ്പറേഷൻ തിയേറ്റർ കോംപ്ലക്‌സും അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും പൂർണസജ്ജമായിട്ടില്ല. കൊച്ചി ക്യാൻസർ റിസർച്ച് സെന്ററിൽ 159 തസ്തികകൾ പുതുതായി സൃഷ്ടിക്കാൻ ജനുവരിയിൽ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. 91 സ്ഥിരം തസ്തികകളും 68 കരാർ തസ്തികകളും.
ദൂരെ സ്ഥലങ്ങളിൽ നിന്ന് വരുന്ന രോഗികകൾക്ക് ദീർഘ നേരം കാത്തു നിൽക്കേണ്ടി വരുന്നു
പരിശോധനകൾ വൈകുന്നു
നിലവിലെ ബെഡുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നത് വൈകുന്നു
പ്രധാന തടസങ്ങൾ:
സർക്കാർ വകുപ്പുകളിലെ ചുവപ്പുനാട
മൂന്ന് മാസം മുൻപ് സർക്കാർ തസ്തികകൾ അനുവദിച്ചെങ്കിലും റിക്രൂട്ട്മെന്റ് ബോർഡ് ഇതുവരെയായില്ല
പുതിയ തസ്തികകൾ
അക്കാഡമിക്, നോൺ - അക്കാഡമിക് തസ്തികകൾ
എട്ട് പ്രൊഫസർ തസ്തികകളും 28 അസി. പ്രൊഫസർ തസ്തികകളും
നഴ്സിംഗ് സൂപ്രണ്ട് മുതൽ സിസ്റ്റം മാനേജർ വരെ 18 വിഭാഗങ്ങളിൽ നോൺ അക്കാഡമിക് തസ്തികകൾ
91 സ്ഥിരം തസ്തികകളിൽ സ്ഥിരനിയമനം
14 വിഭാഗങ്ങളിലായി 68 താത്ക്കാലിക തസ്തികകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |