
കൊച്ചി: പാഠ്യപദ്ധതിയുടെ ഭാഗമായി നെൽക്കൃഷിയിലും പ്രാവീണ്യം തെളിയിച്ച് തേവര സേക്രേഡ് ഹാർട്ട് കോളേജ് യു.ജി വിദ്യാർത്ഥികൾ. ആമ്പല്ലൂർ അരയങ്കാവ് മനയ്ക്കത്താഴം പടശേഖരത്തുള്ള കോളേജിന്റെ എക്സ്റ്റൻഷൻ ആക്ടിവിറ്റി ഏരിയയിലാണ് ഒന്നും രണ്ടും വർഷ ബിരുദ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് 2000 കിലോയോളം നെല്ല് ഉത്പാദിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് പടശേഖരസമിതിയുടെ സഹകരണത്തോടെ ഞാറുനട്ടത്. 130 ദിവസം കൊണ്ട് നെല്ല് പാകമായി.
നാല് വർഷത്തോളമായി തരിശ് കിടന്ന പാടത്ത് കൃഷിയിറക്കിയപ്പോൾ കളശല്യം രൂക്ഷമായിരുന്നെങ്കിലും കൃത്യമായ പരിചരണം കൊണ്ട് അവയൊക്കെ മറികടന്നു. വളം ഇടുന്നതിലും കൃത്യമായ ഇടവേളയിലെ പരിശോധനയ്ക്കുമെല്ലാം വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങി.
വയലും പ്രകൃതിയുമായി കോർത്തിണക്കിക്കൊണ്ടുള്ള പഠനരീതി, വിദ്യാർത്ഥികളിൽ പലർക്കും ആദ്യാനുഭവമായിരുന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് കുസുമാലയവും
സ്റ്റുഡന്റ് ഡെവലപ്പ്‌മെന്റ് ഓഫീസർ സൂരജ് രവീന്ദ്രനും മാർഗനിർദ്ദേശം നൽകി.
കർഷകരായ ടി.ആർ. ഗോവിന്ദൻ, തങ്കച്ചൻ, സുരേന്ദ്രൻ, ഭാരതി സന്തോഷ് എന്നിവരും പിന്തുണയുമായി വന്നപ്പോൾ നൂറുമേനി വിളഞ്ഞു. ഭാരിച്ച കൃഷി ചെലവും അനുഭവ സമ്പത്തുള്ള കർഷകരുടെ അഭാവവും പ്രതികൂല കാലാവസ്ഥയും കളയുമൊക്കെ പ്രതിസന്ധിയായിരുന്നെങ്കിലും കൂട്ടായ പരിശ്രമത്തിലൂടെ എല്ലാം അതിജീവിച്ചു.
യന്ത്രമുപയോഗിച്ച് കൊയ്തെടുത്ത നെല്ല് കോളേജിന്റെ മുറ്റത്താണ് ഉണക്കിയത്. ഇനി അരിപ്പൊടി ഉൾപ്പെടെ വിവിധ ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കാനാണ് തീരുമാനം. ഉന്നത് ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി വരും വർഷങ്ങളിലും കൃഷി തുടരാനും പദ്ധതിയുണ്ട്. മനയ്ക്കത്താഴം പാടശേഖരത്തിൽ കോളേജിന് നാലര ഏക്കർ പാടമുണ്ട്. അതിൽ രണ്ടരയേക്കറിലാണ് ഇത്തവണ കൃഷിയിറക്കിയത്. മുമ്പ് നെൽക്കൃഷി നടത്തിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥയും കൊവിഡും മൂലം 2021മുതൽ പാടം തരിശിട്ടിരിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |