SignIn
Kerala Kaumudi Online
Sunday, 17 May 2026 5.10 AM IST

ഇതാ വരുന്നു മൺസൂൺ...

mansoon
മൺസൂൺ

കൊച്ചി: ഒമ്പത് ദിവസത്തിനകം കാലവർഷം കേരളം തൊടും. സാധാരണ ജൂൺ ഒന്നിനാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ കേരളത്തിൽ എത്തുക. ഇക്കുറി അല്പം നേരത്തെയാണ് വരവ്. നിലവിൽ മൺസൂൺ ആൻഡമാൻ ദ്വീപിൽ എത്തിച്ചേർന്നിട്ടുണ്ട്.

ആൻഡമാനിൽ നിന്ന് കേരള തീരത്തേക്ക് മൺസൂൺ എത്തുവാൻ മൂന്ന് മുതൽ പത്ത് ദിവസം വരെയാണ് എടുക്കാറുള്ളത്. നാല് ദിവസത്തെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ വർഷം മേയ് 30നാണ് കാലവർഷം കേരളത്തിൽ എത്തിയത്. മുൻവർഷങ്ങളിൽ 2023 ജൂൺ 8നും 2022 മേയ് 29നും 2021 ജൂൺ 3നും 2020 ജൂൺ ഒന്നിനുമാണ് കാലവർഷം എത്തിയത്.

ജൂൺ മുതൽ സെപ്തംബർ വരെ നീണ്ടുനിൽക്കുന്ന കാലവർഷം രാജ്യത്തെ കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. കേരളത്തിൽ എത്തിയശേഷം വടക്കോട്ട് സഞ്ചരിക്കുന്ന മൺസൂൺ ആഴ്ചകൾക്കുള്ളിൽ രാജ്യം മുഴുവൻ വ്യാപിക്കും. ഇത്തവണ നേരത്തെയുള്ള വരവ് രാജ്യത്തെ സാമ്പത്തിക-കാർഷിക മേഖലകളിൽ ഗുണകരമായ ചലനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൺസൂണിന്റെ വരവിന് അനുകൂലമായ അന്തരീക്ഷമാണ് നിലവിൽ പസഫിക് സമുദ്രത്തിലും ഇന്ത്യൻ മഹാസമുദ്രത്തിലും നിലനിൽക്കുന്നത്.

 ശക്തമായ മഴയും കാറ്റും

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ട്. മേയ് 20 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യത.

ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

മിന്നൽ ലക്ഷണം ഉടൻ സുരക്ഷിത കെട്ടിടത്തിലേക്ക്‌ മാറണം.

 ജനലും വാതിലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കരുത്.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി വിച്ഛേദിക്കുക. അകന്നുനിൽക്കുക

 ടെലഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഫോൺ ആകാം

തുറസായ സ്ഥലത്തും ടെറസിലും വൃക്ഷങ്ങളുടെ ചുവട്ടിലും നിൽക്കരുത്‌

 വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.

 യാത്രയിലെങ്കിൽ വാഹനത്തിനകത്ത് തുടരുക.

 മിന്നലുള്ളപ്പോൾ ടാപ്പുകളിലൂടെ വെള്ളം ശേഖരിക്കരുത്. വൈദ്യുതി പ്രവാഹമുണ്ടാകാം.

 ജലാശയത്തിൽ ഇറങ്ങരുത്

 പട്ടം പറത്തുന്നത് ഒഴിവാക്കുക.

മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL