കൊച്ചി: തെളിവ് നശിപ്പിക്കാൻ സി.സി ടിവി ക്യാമറയുടെ ഹാർഡ് ഡിസ്കും ഡി.വി.ആറും കള്ളൻ പുഴയിലെറിഞ്ഞെങ്കിലും 'ഡിജിറ്റൽ ഇമേജ് പ്രോസസിംഗ്’ സാങ്കേതിക വിദ്യയുടെ സഹായത്തോടെ കള്ളനെ കുടുക്കി പൊലീസ്. തൃക്കാക്കര വാഴക്കാല പടമുകൾ പീച്ചാംപിള്ളി റോഡിലെ 'മെട്രോ പവർ ടൂൾസ്’ സ്ഥാപനത്തിൽ കവർച്ച നടത്തിയ എളങ്കുന്നപ്പുഴ തെക്കേമാലിപ്പുറം പുത്തൻപറമ്പ് വീട്ടിൽ പി.കെ അനീഷിനെയാണ് (41) തൃക്കാക്കര പൊലീസ് കുടുക്കിയത്.
മേയ് 10ന് പുലർച്ചെ 2.30ന് കടയുടെ ഇരുമ്പ് ഷട്ടറിന്റെ പൂട്ട് തകർത്തായിരുന്നു മോഷണം. ക്യാഷ് ഡ്രോയറിൽ നിന്ന് 10,000 രൂപയും ഷെൽഫിൽ സൂക്ഷിച്ചിരുന്ന 12,000 രൂപ വിലവരുന്ന 6 ബോക്‌സ് വിഗാർഡ് കോപ്പർ വയറുകളും അടക്കം 46,000 സാധനങ്ങൾ കവർന്നു. കൂട്ടത്തിൽ സി.സി ടിവി ക്യാമറയുടെ 24,000 രൂപ വിലവരുന്ന ഹാർഡ് ഡിസ്‌ക്, ഡി.വി.ആർ, എസ്എംപിഎസ് എന്നിവയും ഇളക്കിയെടുത്തു.
തൃക്കാക്കര പ്രിൻസിപ്പൽ എസ്.ഐ വി.ബി. അനസിന്റെ നേതൃത്വത്തിൽ പരിസരത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കടയ്ക്ക് സമീപം കിടന്ന ഓട്ടോയിൽ പുലർച്ചെ 3.30ന് വെള്ളച്ചാക്കുമായി കള്ളൻ കയറുന്ന ദൃശ്യം ലഭിച്ചു. രാത്രിയായതിനാൽ വണ്ടിയുടെ നമ്പറും പ്രതിയുടെ മുഖവും വ്യക്തമായില്ല.
തുടർന്നാണ് ഡിജിറ്റൽ ഇമേജ് പ്രോസസിംഗ് ഉപയോഗിച്ച് ദൃശ്യങ്ങൾ വ്യക്തമാക്കിയെടുത്തത്. ഇതോടെ ഓട്ടോയുടെ നമ്പറും പ്രതിയുടെ മുഖവും തിരിച്ചറിഞ്ഞു.
മലപ്പുറം സ്വദേശിയുടെ പേരിലുള്ള ഓട്ടോ മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട് എന്നിവിടങ്ങളിലെ വാഹനക്കച്ചവടക്കാർ വഴി നാല് കൈ മറിഞ്ഞ് എളങ്കുന്നപ്പുഴ സ്വദേശി അനീഷ് 67,000 രൂപയ്ക്ക് വാങ്ങിയതാണെന്ന് കണ്ടെത്തി.
അർദ്ധരാത്രി സിനിമാ സ്റ്റൈൽ അറസ്റ്റ്
പ്രതിയുടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ച പൊലീസ് സംഘം മേയ് 16ന് പുലർച്ചെ 01.19ഓടെ നോർത്ത് പറവൂർ ഞാറക്കാട്ട് റോഡിൽ വച്ച് പ്രതിയെ ഓട്ടോ സഹിതം കസ്റ്റഡിയിലെടുത്തു. ഡി.വി.ആറും മറ്റും തെളിവ് നശിപ്പിക്കാൻ വരാപ്പുഴ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞതായും കോപ്പർ വയറുകൾ മൂത്തകുന്നത്തെ ആക്രിക്കടയിൽ വിറ്റതായും പ്രതി സമ്മതിച്ചു. കവർച്ച ചെയ്ത പണം പറവൂരിൽ വീട് വാടകയ്‌ക്കെടുക്കാൻ മുൻകൂർ നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ തൊണ്ടിമുതലുകൾ കണ്ടെടുത്തു. മുളവുകാട്, ഞാറക്കൽ സ്റ്റേഷനുകളിലെ നിലവിൽ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.
ഇൻസ്‌പെക്ടർ വിമോദിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്‌പെക്ടർ അനസ് വി.ബി, ജാഫർ, എസ്.സി.പി.ഒ മാരായ ജോൺ അബ്രഹാം, ഷിബു, സി.പി.ഒ വിജു സേവ്യർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |