മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറെ കല്ലുകൊണ്ടിടിക്കുകയും കണ്ടക്ടറെ അസഭ്യം പറയുകയും ചെയ്ത കേസിൽ രണ്ട് പേരെ മൂവാറ്റുപുഴ കോടതി റിമാൻഡ് ചെയ്തു. ചങ്ങനാശേരി ചമ്പക്കുളം വീട്ടിൽ സെബാസ്റ്റ്യൻ ജോർജ് (34), മൂവാറ്റുപുഴ കോനാത്ത് വീട്ടിൽ മുഹമ്മദ് സുബൈർ (23) എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ചൊവ്വാഴ്ച പുലർച്ചെ 2.45ഓടെ മൂവാറ്റുപുഴ സ്റ്റാൻഡിലായിരുന്നു സംഭവം.
കോയമ്പത്തൂർ - കൊട്ടാരക്കര സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ കൊല്ലം കരുനാഗപ്പിള്ളി സ്വദേശി എ. സനു (31), കണ്ടക്ടർ വി.എസ്. അരുൺ (32) എന്നിവർക്കാണ് മർദ്ദനമേറ്റത്. പെരുമ്പാവൂർ തൃക്കളത്തൂർ മുതൽ ബസിന് തടസം സൃഷ്ടിച്ച പ്രതികൾ എം.സി. റോഡിലൂടെ കാറോടിച്ച് ജീവനക്കാരെ അസഭ്യം വിളിച്ചു. ബസ് മൂവാറ്റുപുഴ സ്റ്റാൻഡിലെത്തിയപ്പോൾ കാർ വട്ടം വച്ചു നിറുത്തി ഡ്രൈവർ സനുവിന്റെ വലത് കാൽമുട്ടിൽ കല്ലുകൊണ്ട് ഇടിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച കണ്ടക്ടർ അരുണിനെ അസഭ്യം വിളിച്ച പ്രതികൾ ഡ്രൈവറുടെ ഫോൺ നിലത്തിട്ട് ചവിട്ടി. പൊലീസെത്തിയതോടെ കടന്നുകളഞ്ഞ ഇവരെ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കസ്റ്റഡിയിലെടുത്തത്. കൊട്ടാരക്കര ഡിപ്പോയിലെ ബസ് രാത്രി 10നാണ് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |