
കൊച്ചി: മക്കിൻസി കമ്പനിയുടെ തുഗ്ലക് പരിഷ്കാരങ്ങളിൽ പുകഞ്ഞ് ആർ.എം.എസ്. കൃത്യമായ പഠനം നടത്താതെ ഇന്ന് മുതൽ മൂന്ന് ഷിഫ്റ്റ് സംവിധാനം തപാൽ വകുപ്പിന്റെ റെയിൽവേ പാഴ്സൽ സർവീസിൽ നടപ്പിലാക്കും. രാവിലെ 6 - 2, 2 - 10, 10 - 6 എന്നിങ്ങനെയാണ് മൂന്ന് ഷിഫ്റ്റ്. 'മെയിൽ ആൻഡ് പാഴ്‌സൽ ഒപ്റ്റിമൈസേഷൻ പ്രോജക്ടിന്റെ' ഭാഗമായാണ് നടപടി.
ആർ.എം.എസ് എറണാകുളം ഡിവിഷനിൽ പകൽ ഡ്യൂട്ടി സമയം നിലവിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെയായിരുന്നു. നൈറ്റ് ഡ്യൂട്ടി സമയക്രമം പാഴ്‌സൽ ഓഫീസുകളിൽ വൈകിട്ട് ആറു മുതൽ രാവിലെ 6.40 വരെയും. സ്പീഡ് പോസ്റ്റ് വിഭാഗത്തിൽ വൈകിട്ട് 5.30ന് ആരംഭിച്ച് അടുത്ത ദിവസം രാവിലെ 6.10 വരെ നീളുന്നതാണ് ഡ്യൂട്ടി. ആറ് ദിവസം തുടർച്ചയായി രാത്രി ജോലി ചെയ്യുമ്പോൾ രണ്ട് ദിവസം കോംപൻസേറ്ററി നൈറ്റ് ഓഫ് ലഭിക്കും.
ഇന്ന് മുതൽ പ്രതിഷേധം
ഇ-കൊമേഴ്‌സ് വിപണിയിലെ സാദ്ധ്യതകൾ മുൻനിറുത്തി ഒന്നാം മൈൽ, മിഡിൽ മൈൽ, അവസാന മൈൽ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ കൺസൾട്ടേഷൻ സ്ഥാപനമായ മക്കിൻസിയുടെ 26 പ്രധാന നിർദേശങ്ങളിലൊന്നാണ് ഷിഫ്റ്ര് മാറ്റം. എറണാകുളം ഉൾപ്പെടെയുള്ള നഗരങ്ങളിലാണ് പദ്ധതി. മുന്നൊരുക്കങ്ങളോ വ്യക്തതയോ ഇല്ലാതെ ആർ.എം.എസ് ഇ.കെ (എറണാകുളം) ഡിവിഷനിൽ മാത്രം ഇത് അടിച്ചേൽപ്പിക്കാൻ ഉത്തരവിറക്കിയതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
എൻ.എഫ്.പി.ഇ - എ.ഐ.ജി.ഡി.എസ്.യു സംയുക്ത സമരസമിതിയുടെ ആഭുമുഖ്യത്തിൽ 20 മുതൽ 24 വരെ ഡിവിഷണൽ ഓഫീസിന് മുന്നിൽ കൂട്ടധർണ സംഘടിപ്പിക്കും. ഇന്ന് രാവിലെ 9.30ന് ആരംഭിക്കുന്ന ധർണ സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഉദ്ഘാടനം ചെയ്യും. 26 മുതൽ സർക്കിൾ ഓഫീസിന് മുന്നിൽ റിലേ നിരാഹാര സത്യഗ്രഹം ആരംഭിക്കും. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ തപാൽ സേവനങ്ങൾ പൂർണമായി സ്തംഭിപ്പിച്ച് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് തീരുമാനം.
വനിതാ ജീവനക്കാർക്ക് ആശങ്ക
ആർ.എം.എസ് വിഭാഗത്തിൽ 80 ശതമാനത്തോളം സ്ത്രീ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. അസമയങ്ങളിൽ അവസാനിക്കുന്ന ഷിഫ്റ്റുകളിൽ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനോ അവർക്ക് ആവശ്യമായ യാത്രാസൗകര്യങ്ങൾ ഒരുക്കാനോ തപാൽ വകുപ്പ് തയ്യാറായിട്ടില്ല. തുടർച്ചയായ ഡ്യൂട്ടി സമയക്രമം മൂലം നിലവിലെ ഇടവേള ശുചീകരണപ്രക്രിയയും നടക്കില്ല. ഓഫ്, റസ്റ്റ് പിരീഡ്, നൈറ്റ് അലവൻസ് സംബന്ധിച്ച് വിവരങ്ങൾ ഉത്തരവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |