ആലുവ: കർക്കടകവാവിന് പെരിയാറിൽ പിതൃബലി അർപ്പിക്കാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ മണപ്പുറത്തും ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ നേതൃത്വത്തിൽ അദ്വൈതാശ്രമത്തിലുമാണ് പ്രധാനമായും ബലിതർപ്പണം നടന്നത്. രണ്ടിടത്തും ഇന്നലെ പുലർച്ചെ നാല് മണിയോടെ ആരംഭിച്ച തർപ്പണ ചടങ്ങുകൾ ഉച്ചവരെ നീണ്ടു. എട്ട് മണിയോടെ 15 മിനിറ്റ് നേരം മഴ പെയ്തെങ്കിലും പിന്നീട് മാനം തെളിഞ്ഞു. മഴയ്ക്ക് ശേഷം മണപ്പുറത്ത് ചെളിശല്യമുണ്ടായി. മണപ്പുറത്ത് ദേവസ്വം ബോർഡിന്റെ അംഗീകാരത്തോടെ 36 താത്കാലിക ബലിത്തറകളാണ് ഉണ്ടായിരുന്നത്. അദ്വൈതാശ്രമത്തിൽ ഒരേസമയം 750 പേർക്ക് തർപ്പണം നടത്താൻ സൗകര്യമൊരുക്കി. ക്ഷേത്രം മേൽശാന്തി പി.കെ. ജയന്തന്റെ മുഖ്യകാർമ്മികത്വത്തിലായിരുന്നു അദ്വൈതാശ്രമത്തിലെ തർപ്പണ ചടങ്ങുകൾ. എസ്.എൻ.ഡി.പി യോഗം ആലുവ യൂണിയൻ, ഗുരുധർമ്മ പ്രചാരണ സഭ എന്നിവയുടെ നിരവധി പ്രവർത്തകർ വോളൻഡിയർമാരായും ഉണ്ടായത് തർപ്പണത്തിനെത്തിയവർക്ക് സഹായകമായി.
ഭക്തരുടെ തിരക്ക് മുൻ വർഷത്തേക്കാൾ കൂടുതലായിരുന്നുവെന്ന് അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |