SignIn
Kerala Kaumudi Online
Wednesday, 19 August 2026 5.01 AM IST

യൂസ്ഡ് വാഹനവിപണി സ്തംഭനത്തിലേക്ക്

car

പരിവാഹൻ വെബ്സൈറ്റ് പ്രശ്നം തലവേദനയാകുന്നു

കോലഞ്ചേരി: യൂസ്ഡ് വാഹനങ്ങൾ വാങ്ങാനും വിൽക്കാനും ആളുണ്ടെങ്കിലും രേഖകൾ കൈമാറാൻ വഴിയില്ല. വാഹന രജിസ്ട്രേഷൻ സംബന്ധമായ കാര്യങ്ങൾ രേഖപ്പെടുത്തുന്ന കേന്ദ്രസർക്കാരിന്റെ പരിവാഹൻ വെബ് സൈറ്റിന്റെ ആഴ്ചകളായി​ തുടരുന്ന സാങ്കേതിക തകരാർ മൂലം വാഹന കൈമാറ്റം ഉൾപ്പെടെയുള്ള നടപടികൾ ആഴ്ചകളായി മുടങ്ങിയതോടെ യൂസ്ഡ് കാർ വിപണി സ്തംഭനത്തിലേക്ക്.

ദിവസങ്ങളായി തുടരുന്ന സാങ്കേതിക പ്രതിസന്ധിയിൽ നൂറുകണക്കിന് അപേക്ഷകളാണ് ആർ.ടി. ഓഫീസുകളിൽ തീർപ്പാകാതെ കിടക്കുന്നത്. വാഹന വില്പന പൂർത്തിയായിട്ടും ഉടമസ്ഥാവകാശം മാറ്റാനാകാത്തത് ഡീലർമാരെയും വാഹന ഉടമകളെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. മുൻപ് വാഹനത്തിന്റെ ലോൺ മാറ്റുന്നതും പുതിയ ഹൈപ്പോത്തിക്കേഷൻ ചേർക്കുന്നതും ഉൾപ്പെടെയുള്ള നടപടികൾ സംസ്ഥാനത്തെ ഏത് ആർ.ടി. ഓഫീസിലും ചെയ്യാൻ കഴിയുമായിരുന്നു. അതു മുടങ്ങി​.

ഉടമസ്ഥാവകാശ കൈമാറ്റം വൈകുന്നു

വാഹന ഉടമസ്ഥാവകാശ കൈമാറ്റം, ബാങ്ക് ഹൈപ്പോത്തിക്കേഷൻ ഒഴിവാക്കൽ, പുതിയ ഹൈപ്പോത്തിക്കേഷൻ ചേർക്കൽ തുടങ്ങിയ നടപടികളാണ് പ്രധാനമായും തടസ്സപ്പെട്ടത്. ഇതോടെ ബാങ്ക് വായ്പ, ഇൻഷ്വറൻസ്, രജിസ്ട്രേഷൻ തുടങ്ങിയ അനുബന്ധ നടപടികളും വൈകുകയാണ്. ആഴ്ചകൾക്ക് മുൻപ് വില്പന നടത്തിയ വാഹനങ്ങളുടെ ഉടമസ്ഥാവകാശം പോലും ഇതുവരെ മാറ്റാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഡീലർമാർ പറയുന്നു. വാഹന കൈമാറ്റവും ഇതുമൂലം കാര്യമായി നടക്കുന്നില്ല.

യൂസ്ഡ് കാർ ഡീലർമാർക്ക് പുറമെ ധനകാര്യ സ്ഥാപനങ്ങൾ, ഇൻഷ്വറൻസ് കമ്പനികൾ, ടാക്സി തൊഴിലാളികൾ തുടങ്ങിയ വാഹന വിപണിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളെയും പ്രതിസന്ധി ബാധിക്കുന്നുണ്ട്. ഉടമസ്ഥാവകാശ കൈമാറ്റം വൈകുന്നതിനിടെ വാഹനം വാങ്ങിയ ആൾ നിയമക്കുരുക്കിലോ അപകടങ്ങളിലോ മറ്റേതെങ്കിലും കേസുകളിലോപ്പെട്ടാൽ രേഖകളിൽ ഉടമയായി തുടരുന്ന വ്യക്തിക്കും പ്രശ്നങ്ങൾ നേരിടേണ്ടിവരും. അപകടമുണ്ടായാൽ സാമ്പത്തിക ബാദ്ധ്യത രജിസ്ട്രേഡ് ഉടമയ്ക്കാണ്.

തലവേദനകൾ

അതാത് ആർ.ടി. ഓഫീസിൽ തന്നെ നടപടി​ക്രമങ്ങൾ പൂർത്തി​യാക്കണം

വാഹന ഇടപാടുകൾ കൂടുതൽ സങ്കീർണ്ണമായി

ഒറ്റത്തവണ ചെയ്തുവന്ന നടപടികളും പല ഘട്ടങ്ങളായി നടത്തണം

സമയനഷ്ടം. അധിക സാമ്പത്തിക ബാദ്ധ്യത

പരിവാഹൻ സൈറ്റുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ പൂർണമായും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. സൈറ്റിന്റെ പരിപാലനം എൻ.ഐ.സിക്കാണ്. ഓഫീസുകളിൽ പരാതിയുമായി പ്രതിദിനം നിരവധി പേർ എത്തുന്നുണ്ട്. ഞങ്ങളുടെ നിസ്സഹായാവസ്ഥ പറഞ്ഞ് ബോദ്ധ്യപ്പെടുത്തി മടക്കി വിടുകയാണ്.

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL