
കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലൂർ സ്റ്റേഡിയത്തിനടുത്തുള്ള സപ്ലൈകോ ഓണം ട്രേഡ് ഫെയറിലേക്ക് കെ.എസ്.ആർ.ടി.സി ലോഫ്ലോർ ബസിൽ സൗജന്യ യാത്ര. നാളെ രാവിലെ 10 മുതൽ വൈറ്റിലയിൽ നിന്ന് തുടങ്ങി പാലാരിവട്ടം, സപ്ലൈകോ മെഗാ ഫെയർ, കലൂർ, കടവന്ത്ര വഴി വീണ്ടും വൈറ്റിലയിൽ എത്തുന്ന വിധത്തിലാണ് 2 സർവീസുകൾ. സൗജന്യ യാത്രയുടെ ഫ്ലാഗ് ഓഫ് ഇന്ന് ഉച്ചയ്ക്ക് 2.30ന് വൈറ്റില ഹബ്ബിൽ മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. സ്ത്രീ പുരുഷ ഭേദമന്യേ ട്രേഡ് ഫെയറിലേക്കുള്ള യാത്ര സൗജന്യമാണെന്ന് മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ അറിയിച്ചു.
സ്വകാര്യ സർക്കാർ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ ട്രേഡ് ഫെയറിൽ ഒരുക്കിയിട്ടുണ്ട്. സപ്ലൈകോയ്ക്ക് പുറമെ വിവിധ ബ്രാൻഡുകളുടെയും സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളും സേവനങ്ങളും ഒരേ വേദിയിൽ പരിചയപ്പെടാനും വാങ്ങാനും സാധിക്കും.
ഓണസദ്യക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും ബ്രാൻഡഡ് ഉത്പന്നങ്ങളും ഉൾപ്പെടുത്തി 1000, 1500, 2000 രൂപയുടെ പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കിയിട്ടുണ്ട്.
ഇതിനുപുറമേ, സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകളുമുണ്ട്. 500,1000 രൂപയുടെ മൂല്യമുള്ള ഈ കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാം.
100രൂപയുടെ ഡിസ്കൗണ്ട് കൂപ്പൺ
1500 രൂപയുടെ സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുന്നവർക്ക് 100 രൂപയുടെ കൂപ്പൺ സമ്മാനമായി ലഭിക്കും. സെപ്തംബർ 1മുതൽ ഒക്ടോബർ 31വരെ ആയിരമോ അതിൽ കൂടുതലോ വിലയ്ക്ക് സപ്ലൈകോയിൽ നിന്നും സബ്‌സിഡിയിതര സാധനം വാങ്ങുമ്പോൾ ഈ കൂപ്പൺ റെഡീം ചെയ്യാം.
സമ്മാനപ്പെരുമഴ
1000 രൂപയുടെ ഓരോ പർച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പൺ ലഭിക്കും. ഓണത്തിന് ശേഷം നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികൾക്ക് ഹീറോ മോട്ടോർ സൈക്കിൾ, രണ്ടുപേർക്ക് അരപ്പവൻ സ്വർണനാണയം, 3 വാഷിംഗ് മെഷീനുകൾ എന്നിവ സമ്മാനം ലഭിക്കും. ജില്ലാതല വിജയികൾക്ക് സ്മാർട്ട് ഫോണും എല്ലാ വില്പനശാലകളിലും നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്ക് മറ്റ് സമ്മാനങ്ങളും നേടാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |