
കൊച്ചി: പതിറ്റാണ്ടുകളായി നൽകിയിരുന്ന കിസാൻ ക്രെഡിറ്റ് കാർഡ് വായ്‌പാ പദ്ധതി റദ്ദാക്കിയത് പുന:പരിശോധിക്കില്ലെന്ന പ്രമുഖ ദേശസാത്കൃത ബാങ്കിന്റെ തീരുമാനം പൈനാപ്പിൾ കർഷകർക്ക് വൻതിരിച്ചടി. സുഗമമായി ലഭിച്ചിരുന്ന വായ്‌പ നിലയ്‌ക്കുക മാത്രമല്ല, പുതിയത് നേടാൻ തടസങ്ങൾ സൃഷ്‌ടിക്കുന്നതുമാണ് തീരുമാനം.
ആയിരക്കണക്കിന് പൈനാപ്പിൾ കർഷകർ ആശ്രയിച്ചിരുന്ന കിസാൻ ക്രെഡിറ്റ് കാർഡ് വായ്‌പാ പദ്ധതി കഴിഞ്ഞ ജൂണിലാണ് നിറുത്തിയത്. ഏലം, കുരുമുളക് തുടങ്ങിയ നാണ്യവിളകൾക്ക് നൽകുന്ന കിസാൻ സമൃദ്ധി റിൻ വായ്‌പയേ ഇനി പൈനാപ്പിൾ കർഷകർക്കും ലഭിക്കു. ദേശീയതലത്തിലെ നയപരമായ തീരുമാനമാണെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. ഇതോടെ നിലവിലെ വായ്‌പകൾ കാലാവധിക്കുള്ളിൽ അടച്ചുതീർക്കാൻ നെട്ടോട്ടത്തിലാണ് പൈനാപ്പിൾ കർഷകർ.
പദ്ധതി നിലനിറുത്തണമെന്നാവശ്യപ്പെട്ട് കർഷകരുടെയും വ്യാപാരികളുടെയും സംഘടനകളും ജനപ്രതിനിധികളും നിവേദനങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും പുന:പരിശോധനയ്‌ക്ക് ബാങ്ക് തയ്യാറായില്ല.
കിസാൻ ക്രെഡിറ്റ് വായ്‌പ
സ്ഥലം പാട്ടത്തിനെടുത്ത് ഇടവിളയായി കൃഷി ചെയ്യുന്നവരാണ് ബഹുഭൂരിപക്ഷം പൈനാപ്പിൾ കർഷകരും. സ്ഥലത്തിന്റെ പാട്ടക്കരാർ ഉൾപ്പെടെ രേഖകൾ സമർപ്പിച്ചാൽ കിസാൻ ക്രെഡിറ്റ് വായ്‌പ ലഭിക്കും. മൂന്നു മുതൽ മൂന്നരവർഷം വരെ കാലാവധിയിലാണ് വായ്‌പ ലഭിച്ചിരുന്നത്.
കാലാവധി തീരുമ്പോൾ വായ്‌പത്തുക മുഴുവൻ തിരിച്ചടച്ചില്ലെങ്കിലും പലിശയടച്ച് പുതുക്കാനാവും. നടപടിക്രമങ്ങൾ ലളിതമായും വേഗത്തിലും പൂർത്തിയാക്കാനാവും. മുഴുവൻ തുക തിരിച്ചടച്ചില്ലെങ്കിലും വായ്‌പ പുതുക്കിക്കിട്ടുന്നത് ഇടയ്‌ക്ക് വിലയിടിവിൽ നഷ്‌ടം സംഭവിക്കുന്ന കർഷകർക്ക് ആശ്വാസമായിരുന്നു.
കിസാൻ സമൃദ്ധി റിൻ
ഏലം, കുരുമുളക്, കാപ്പി പോലുള്ള വിളകൾക്ക് ലഭിക്കുന്നതാണ് കിസാൻ സമൃദ്ധി റിൻ. വായ്‌പത്തുകയും പലിശയും പൂർണമായും കാലാവധിക്കുള്ളിൽ അടച്ചുതീർത്താൽ മാത്രമേ വായ്‌പ പുതുക്കി ലഭിക്കു. വീണ്ടും അപേക്ഷ സമർപ്പിക്കൽ ഉൾപ്പെടെ നടപടികൾ പൂർത്തിയാക്കണം.
വായ്‌പകൾ കൃത്യമായി തിരിച്ചടയ്‌ക്കാത്തവരുടെ ക്രെഡിറ്റ് സ്‌കോർ ഉൾപ്പെടെ പിന്നിലാകും. ഇതുമൂലം പുതിയ വായ്‌പകൾ ലഭിക്കുന്നതിനും തടസമുണ്ടാകും. വിലസ്ഥിരത ലഭിക്കാതെ വരുമാനം കുറയുന്ന സന്ദർഭങ്ങളിൽ കർഷകർക്ക് തിരിച്ചടിയാകുമെന്ന് സംഘടനകൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |