വണ്ടിപ്പെരിയാർ: പ്രദേശത്ത് കാട്ടാനയുടേയും കടുവയുടെയും ശല്യം രൂക്ഷമായി തുടരുമ്പോഴും പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാകാത്ത വനംവകുപ്പിനും മന്ത്രിക്കുമെതിരെ ശക്തമായ പ്രതിഷേധവുമായി വണ്ടിപ്പെരിയാർ പഞ്ചായത്ത് ജനപ്രതിനിധികൾ. കഴിഞ്ഞ ദിവസം വള്ളക്കടവിൽ വനംമന്ത്രി ഷിബു ബേബി ജോൺ പങ്കെടുത്ത പരിപാടിയിൽ പഞ്ചായത്തിലെ രൂക്ഷമായ വന്യമൃഗശല്യത്തെക്കുറിച്ച് പരാതി പറയാൻ അവസരം നൽകിയില്ലെന്നാണ് പ്രധാന ആരോപണം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുഭാഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സെൽവത്തായി എന്നിവരുടെ നേതൃത്വത്തിലാണ് ജനപ്രതിനിധികൾ പ്രതിഷേധം അറിയിച്ചത്. വനത്തിനുള്ളിലെ വിഷയങ്ങൾ മാത്രമേ തനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കൂ എന്നും വനത്തിന് പുറത്തുണ്ടാകുന്ന പ്രശ്നങ്ങൾ തന്റെ പരിധിയിൽ വരില്ലെന്ന വിചിത്രമായ മറുപടിയാണ് മന്ത്രി നൽകിയതെന്ന് പഞ്ചായത്ത് അംഗങ്ങൾ ആരോപിക്കുന്നു. കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് അനുവാദം ലഭിച്ചില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു. പ്രദേശത്തെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും മുന്നറിയിപ്പ്.
ഭീതിയിൽ തോട്ടം തൊഴിലാളികൾ
ഗ്രാമ്പി, അരണക്കൽ പ്രദേശങ്ങളിൽ ഭീതി വിതച്ച് കറങ്ങിനടക്കുന്ന കടുവയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി വണ്ടിപ്പെരിയാർ മഞ്ചുമല ഭാഗത്ത് ഇറങ്ങിയ പുലി രണ്ട് വളർത്തുനായ്ക്കളെ കടിച്ചു കൊന്നു. വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് കടന്നെത്തുന്നതോടെ എസ്റ്റേറ്റ് തൊഴിലാളികൾ ജീവൻ പണയപ്പെടുത്തിയാണ് പണിക്ക് ഇറങ്ങുന്നത്. മറ്റു ഉപജീവന മാർഗങ്ങൾ ഇല്ലാത്തതുകൊണ്ടാണ് തൊഴിലാളികൾ ഈ ദുരിതം അനുഭവിക്കുന്നത്.
വനാതിർത്തിയോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ കാട്ടാനശല്യവും രൂക്ഷമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |